'വിവേചനം  അംഗീകരിക്കാനാവില്ല'; ആദിവാസി കുടുംബത്തെ തിയേറ്ററിൽ വിലക്കിയ സംഭവത്തിൽ പ്രതികരിച്ച്  വിജയ് സേതുപതിയും കമലഹാസനും 

Friday 31 March 2023 5:35 PM IST

ചെന്നെെ: ചിമ്പുവിന്റെ 'പത്ത് തല' എന്ന ചിത്രം കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററിൽ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ വിജയ് സേതുപതി. ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ രോഹിണി തിയേറ്റർ അധികൃതർ ആദിവാസി കുടുംബത്തെ അകത്ത് പ്രവേശിപ്പിച്ചിരുന്നില്ല. ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. മാർച്ച് 30നായിരുന്നു സംഭവം.

ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടതെന്നും വിജയ് സേതുപതി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച് മധുരെയിൽ നടക്കുന്ന ഫോട്ടോ പ്രദർശനം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. മറ്റാെരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമ കാണാനായി ടിക്കറ്റ് എടുത്ത് വന്ന 'നരിക്കുറവ' വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബത്തെയാണ് ഹാളിനുള്ളിൽ പ്രവേശിപ്പിക്കാതെ ഇരുന്നത്. ഇതിന്റെ വീഡിയോകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി തിയേറ്റർ അധികൃതരും രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് യു/എ സെൻസർ സർട്ടിഫിക്കറ്റാണുള്ളത്. 12വയസിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകൾ കാണാൻ അനുവദിക്കില്ല. അതുകൊണ്ടാണ് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാർ പ്രവേശനം നിഷേധിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം.

തമിഴ് നടൻ കമലഹാസനും സംഭവത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ ഒരു മാദ്ധ്യമ റിപ്പോർട്ടാണ് അദ്ദേഹം പങ്കുവച്ചത്. ആദിവാസി വിഭാഗത്തിന്റെ കെെയിൽ ടിക്കറ്റ് ഉണ്ടായിട്ടും സിനിമ കാണാൻ അനുവദിച്ചില്ല. വിഷയം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് കുടുംബത്തിന് തിയേറ്ററിൽ പ്രവേശനം നൽകിയതെന്നും അദ്ദേഹം കുറിച്ചു.