ഡൽഹി മദ്യനയക്കേസ്; മനീഷ് സിസോദിയ ജയിലിൽ തുടരും, ജാമ്യം അനുവദിക്കരുതെന്ന സിബിഐ വാദം അംഗീകരിച്ച് കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ആംആദ്മി നേതാവ് മനീഷ് സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ചു. ജാമ്യം അനുവദിക്കരുതെന്ന സിബിഐയുടെ വാദം പരിഗണിച്ചാണ് നടപടി. റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി എം കെ നാഗ്പാലിന്റേതാണ് വിധി.
മദ്യനയ വിവാദത്തിൽ ജയിലിൽ തുടരുന്ന മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിർത്തിരുന്നു. ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും, തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് സി.ബി.ഐ വാദം. എന്നാൽ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്നും, ചോദ്യം ചെയ്യൽ ഘട്ടം കഴിഞ്ഞതാണെന്നും സിസോദിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 26നാണ് ചോദ്യം ചെയ്യലിനായി ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചു വരുത്തിയ സിസോദിയയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി. കേസിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.ബി.ഐ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രം ജയിൽ മോചിതനാകാനാകില്ല.