അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റിന് കൂടി കാത്തിരിക്കുന്നു, ഏമാൻ കനിയുമല്ലോ ; കെ സുരേന്ദ്രന്റെ മലക്കം മറിച്ചിലിനെ പരിഹസിച്ച് മന്ത്രി റിയാസ്
തിരുവനന്തപുരം : ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിന് ഒരു റോളുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മുൻ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഇഷ്ടപ്പെട്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ദേശീയ പാത വികസനത്തിൽ കേരള സർക്കാർ പണം മുടക്കിയിട്ടുണ്ട് എന്ന് ബഹുമാന്യനായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഒരു റോളുമില്ലെന്ന് പറഞ്ഞു കൊണ്ടിരുന്ന അദ്ദേഹം മുൻനിലപാട് തിരുത്തിയത് ഇഷ്ടപ്പെട്ടുവെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
ദേശീയ പാത അതോറിട്ടിക്കൊപ്പം ചട്ടിത്തൊപ്പിയും ധരിച്ചു കൊണ്ട് കേരള സർക്കാർ സംസ്ഥാനത്തെ ദേശീയ പാത വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് എന്ന സർട്ടിഫിക്കറ്റ് കൂടി അദ്ദേഹം നൽകുന്നതിന് വേണ്ടി കാത്തുനിൽക്കുന്നു. ഏമാൻ കനിയുമല്ലോ എന്നും റിയാസ് പരിഹസിച്ചു.
ദേശീയപാത വികസനത്തിനായി ഇതുവരെ 5519 കോടി രൂപ കേരളം ചെലവഴിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ അറിയിച്ചിരുന്നു. എൻ.എച്ച് 66 കടന്നുപോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് പണം ചെലവഴിക്കുന്നത്. കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ചെലവ് കൂടുതലായതിനാൽ 25 ശതമാനം വഹിക്കാൻ സംസ്ഥാനം തയ്യാറാവുകയായിരുന്നു എന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
ദേശീയപാത വികസനത്തിന് ഒരു നയാ പൈസയെങ്കിലും സംസ്ഥാനസർക്കാർ ചെലവഴിക്കുന്നുണ്ടോയെന്നും എല്ലാ സംസ്ഥാനങ്ങളും ഭൂമി ഏറ്റെടുക്കാൻ ഇരുപത്തഞ്ചും മുപ്പതും ശതമാനം ചെലവ് വഹിക്കുമ്പോൾ ഒന്നും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കേരളസർക്കാരിനെന്നും സുരേന്ദ്രൻ വിമർശിച്ചിരുന്നു. കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ സംസ്ഥാന സർക്കാരിന് വരുന്നുള്ളൂ. താങ്കൾ എട്ടുകാലി മമ്മൂഞ്ഞല്ല അദ്ദേഹത്തിന്റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം കേരളത്തിലെ ദേശീയ പാത ഭൂമിയെടുപ്പിനുള്ള 25 ശതമാനം സംസ്ഥാന വിഹിതം ഇനി നൽകില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെയാണ് വിമർശിച്ചതെന്നാണ് സുരേന്ദ്രൻ ഇന്ന് വ്യക്തമാക്കിയത്. ഇതിന് മുമ്പ് കേരളം വിഹിതം നൽകിയിട്ടില്ല എന്നു പറഞ്ഞിട്ടില്ല. ഇനി നൽകാനാവില്ല എന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചതാണ്. ഇതിനായി കെ.വി. തോമസ് ഉൾപ്പെടെയുള്ള മദ്ധ്യസ്ഥരെയും വിട്ടു. ഇതിനെക്കുറിച്ച് തെറ്റായ കാപ്‌സ്യൂൾ പ്രചപിപ്പിക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.