ആഘോഷ രാവിൽ പൊന്നിയിൻ സെൽവൻ ട്രെയിലർ, ഓഡിയോ റിലീസ്

Saturday 01 April 2023 2:05 AM IST

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ -2 ന്റെ ട്രെയിലറും ഒാഡിയോയും ഉലകനായകൻ കമൽഹാസൻ ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ പതിനായിര കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ പുറത്തിറക്കി. ഏ. ആർ റഹ്മാൻ സംഗീതം പകർന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആൽബവും പുറത്തിറങ്ങി. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു. ഒരു കാരണവരെ പോലെ മണിരത്നം ഒരുക്കങ്ങൾ നിരീക്ഷിച്ച് പ്രവർത്തകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. അതിഥികളെ വരവേൽക്കാൻ മണിരത്നത്തിന്റെ പത്നി സുഹാസിനി മുന്നിട്ടു നിന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. വേദി പങ്കിട്ട വിശിഷ്ട വ്യക്തികളും താരങ്ങളും മുൻ ലോക സുന്ദരി ഐശ്വര്യ റായിയെയും അവർ അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രത്തെയും വാനോളം പുകഴ്ത്തി.

' പൊന്നിയിൻ സെൽവൻ 2 ' വിലെ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം അഭിനേതാക്കളായ ശോഭന, രേവതി, ഖുഷ്ബു, സംവിധായകൻ ഭാരതി രാജ, മന്ത്രി ദുരൈ മുരുകൻ, നടൻ ജോജു ജോർജ്,തുടങ്ങിവർ പങ്കെടുത്തു. വിശിഷ്ട അതിഥിയായി ചിമ്പുവും എത്തി. അഞ്ചു ഭാഷകളിൽ എത്തുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ ഗാനങ്ങൾ രചിച്ചത് റഫീക്ക് അഹമ്മദാണ്. ഇതിന്റെ മേക്കിങ് വീഡിയോയും നിർമ്മാതാക്കൾ പുറത്തു വിട്ടു. ശങ്കർ രാമകൃഷ്ണൻ ആണ് മലയാളം പതിപ്പിന്റെ സംഭാഷണം എഴുതുന്നത്.

വിക്രം,കാർത്തി, ജയം രവി, ഐശ്വര്യ റായ് , തൃഷ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം, പ്രഭു ,ലാൽ,റിയാസ് ഖാൻ, ശോഭിത ധുലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നു. രവി വർമ്മനാണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദ് എഡിറ്റിംഗും തോട്ടാധരണി കലാസംവിധാനവും നിർവഹിക്കുന്നു. ഏപ്രിൽ 28ന് തമിഴ്, മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിൽ റീലീസ് ചെയ്യും. ശ്രീ ഗോകുലം മുവീസണ് കേരളത്തിലെ വിതരണക്കാർ.

Advertisement
Advertisement