ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ ആക്രമിച്ച് കവർച്ച ചെയ്യുന്ന രണ്ടു പേരെ പിടികൂടി

Saturday 01 April 2023 1:13 AM IST

തൃശൂർ: ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ ആക്രമിച്ച് കവർച്ച ചെയ്യുന്ന രണ്ടംഗ സംഘത്തെ പിടികൂടി. രാത്രിയിൽ പാലസ് ഗ്രൗണ്ട് പരിസരം കേന്ദ്രീകരിച്ച് യാത്രചെയ്യുന്നവരെ ആക്രമിച്ച് കവർച്ചചെയ്യുന്ന സംഘാംഗങ്ങളായ കുറ്റൂർ വലിയപറമ്പ് സ്വദേശിയായ പൊന്നമ്പത്ത് വീട്ടിൽ അക്ഷയ് (26), അത്താണി സ്വദേശിയായ സിൽക്ക് നഗറിൽ താമസിക്കുന്ന ആലിങ്ങപറമ്പിൽ വീട്ടിൽ അഖിൽ (30) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും ഈസ്റ്റും പൊലീസും ചേർന്ന് പിടികൂടിയത്.

പട്ടിക്കാട് പറവട്ടാനി സ്വദേശികളെയാണ് സംഘങ്ങൾ അക്രമിച്ച് കവർച്ച നടത്തിയത്. ഇവർ ബൈക്കിൽ വരുന്ന സമയം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച് അപകടം സംഭവിച്ച കാര്യത്തിന് നഷ്ടപരിഹാരമായി വലിയ തുക ആവശ്യപ്പെട്ട് ക്രൂരമായി മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന പണവും മറ്റും കവർച്ച ചെയ്യുകയാണുണ്ടായത്. പ്രതികൾ ഇതേ ദിവസം തന്നെ പറവട്ടാനി സ്വദേശിയായ മറ്റൊരാളെ തടഞ്ഞുനിറുത്തി ദേഹോപദ്രവം ചെയ്ത് കൈയിലുണ്ടായിരുന്ന പഞ്ചലോഹ മോതിരവും സ്വർണവും മറ്റും കവർച്ച ചെയ്തിരുന്നു. തുടർന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്. ഈസ്റ്റ് സി.ഐ: പി. ലാൽകുമാർ, സബ് ഇൻസ്‌പെക്ടർ എഫ്. ഫിയാസ്, ഷാഡോപൊലീസ് ടീം അംഗങ്ങളായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി. രാകേഷ്, കെ. ഗോപാലകൃഷ്ണൻ, പഴനിസ്വാമി, ടി.വി. ജീവൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.