പാകിസ്ഥാനിൽ സൗജന്യ ഭക്ഷണ വിതരണത്തിനിടെ തിക്കും തിരക്കും: 11 മരണം

Saturday 01 April 2023 6:16 AM IST

കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിൽ റമദാൻ സൗജന്യ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 മരണം. എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ ഒരു ഫാക്ടറിക്ക് പുറത്ത് നടന്ന ഭക്ഷണ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. അതിരാവിലെ മുതൽ ഇവിടെ വലിയ ആൾത്തിരക്കായിരുന്നു. ഭക്ഷണം സ്വീകരിക്കാനെത്തിയ നൂറുകണക്കിന് സ്ത്രീകൾക്കിടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ ചിലർ സമീപത്തെ ഓവുചാലിലേക്കും വീണു. ഇതിന് സമീപത്തെ ഒരു മതിലും തകർന്നു. ഫാക്ടറിയുടെ ഉടമ ഭക്ഷണ വിതരണം നടത്തുന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നില്ല. സംഭവത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. കഴിഞ്ഞാഴ്ച മുതൽ പാകിസ്ഥാനിലെ വിവിധയിടങ്ങളിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം ഇതോടെ 21 ആയെന്നാണ് കണക്ക്. ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ അധിക പൊലീസിനെ നിയോഗിക്കാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന പാകിസ്ഥാനിൽ ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കും സാധാരണക്കാർ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. സൗജന്യ ധാന്യ വിതരണ കേന്ദ്രങ്ങളിലും മറ്റും ജനങ്ങളുടെ തിക്കും തിരക്കും ഏറ്റുമുട്ടലും പതിവായിട്ടുണ്ട്.