നാറ്റോ അംഗമാകാൻ ഒരുങ്ങി ഫിൻല‌ൻഡ്

Saturday 01 April 2023 6:17 AM IST

ബ്രസൽസ് : ഫിൻലൻഡ് ദിവസങ്ങൾക്കുള്ളിൽ നാറ്റോ സൈനിക സഖ്യത്തിൽ ഔദ്യോഗിക അംഗമാകുമെന്ന് നാറ്റോ തലവൻ ജെൻസ് സ്റ്റോൽറ്റൻബർഗ് അറിയിച്ചു. 30 അംഗങ്ങളുള്ള നാ​റ്റോയിൽ ചേരാനുള്ള ഫിൻലൻഡിന്റെ അപേക്ഷ കഴിഞ്ഞ ദിവസം തുർക്കി പാർലമെന്റ് അംഗീകരിച്ചിരുന്നു. മാസങ്ങൾ നീണ്ട എതിർപ്പിനൊടുവിലാണ് തുർക്കി ഫിൻലൻഡിന് പച്ചക്കൊടി കാട്ടിയത്. ഇതോടെയാണ് ഫിൻലൻഡിന്റെ നാറ്റോ പ്രവേശനത്തിന് മുന്നിലുണ്ടായിരുന്ന അവസാന തടസവും നീങ്ങിയത്.

യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് ഫിൻലൻഡും സ്വീഡനും സൈനിക നിഷ്പക്ഷ നയം ഉപേക്ഷിച്ച് നാറ്റോയിൽ ചേരാൻ അപേക്ഷ നൽകിയത്. ഹംഗറി,​ തുർക്കി എന്നീ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ സ്വീഡന്റെ പ്രവേശനം ഇപ്പോഴും പാതി വഴിയിലാണ്.

അടുത്താഴ്ച ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് കൂട്ടായ്മയിലെ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. ഫിൻലൻഡിന്റെ അംഗത്വം അന്ന് ഔദ്യോഗികമാക്കിയേക്കും.

Advertisement
Advertisement