ഇരട്ടക്കുട്ടികളോട് രണ്ടാനച്ഛന്റെ കൊടുംക്രൂരത; ഏഴ് വയസുകാരിയുടെ കാലിൽ ചട്ടുകം വച്ച് പൊള്ളിച്ചു

Saturday 01 April 2023 8:09 AM IST

കൽപ്പറ്റ: വയനാട്ടിൽ ഏഴ് വയസുകാരിയുടെ കാലിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ച് രണ്ടാനച്ഛൻ. പ്രതിയെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുകാരിയുടെ വലതുകാലിലാണ് പൊള്ളലേൽപ്പിച്ചത്. കുട്ടിക്ക് സാരമായി പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാനച്ഛന്റെ ക്രൂരത കുട്ടി പുറത്ത് പറഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇരട്ട കുട്ടികളിൽ ഒരാളെയാണ് കൽപറ്റ സ്വദേശിയായ വിഷ്ണു ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. പൊള്ളലേറ്റ പെൺകുട്ടി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെയും അമ്മയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ചൈൽഡ് ലൈനിന്റെ തീരുമാനം.

അതേസമയം, രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന പേരില്‍ നാല് വയസുകാരനെ മടലുകൊണ്ട് മുഖത്തടിച്ച രണ്ടാനച്ഛനെ നേരത്തെ തൃശൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. തെങ്ങിന്‍റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. കുട്ടിയെ എടുത്ത് എറിയുകയും, ഇതിന് പുറമേ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു.