10 മാസത്തിന് ശേഷം ജയിൽ മോചനം, രാജ്യത്ത് രാഹുലിന്റെ നേതൃത്വത്തിൽ വിപ്ളവം നടക്കുന്നതായി നവജ്യോത് സിംഗ് സിദ്ദു

Saturday 01 April 2023 7:38 PM IST

ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് കോൺഗ്രസിലെ മുതിർന്ന നേതാവുമായ നവജ്യോത് സിംഗ് സിദ്ദു ജയിൽ മോചിതനായി. കഴിഞ്ഞ വർഷം മേയിൽ കൊലക്കേസിൽ സുപ്രീം കോടതി ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചതാണെങ്കിലും നല്ലനടപ്പ് പരിഗണിച്ച് 10 മാസത്തിന് ശേഷമാണ് സിദ്ദു പട്യാല ജയിലിൽ നിന്ന് മോചിതനായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് വിപ്ളവം നടക്കുന്നതായാണ് പ്രതികരിച്ചത്. രാഹുൽ ഗാന്ധിയെ പ്രകീർത്തിച്ച സിദ്ദു കേന്ദ്രസർക്കാരിനെയും പഞ്ചാബിലെ ആംആദ്മി സർക്കാരിനെയും വിമർശിച്ചു.

നേരത്തെ പ്രഖ്യാപിച്ച മോചന സമയത്തിൽ നിന്നും എട്ട് മണിക്കൂർ വൈകി തന്നെ പുറത്തുവിട്ടത് മാദ്ധ്യമങ്ങൾ തിരികെ മടങ്ങാനാണെന്നായിരുന്നു നവജ്യോത് സിംഗ് സിദ്ദു അറിയിച്ചത്. രാജ്യത്തെ ജനാധിപത്യം ചങ്ങലകളിലാണെന്നും സ്വേച്ഛാധിപത്യം വന്നപ്പോൾ അതിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ വിപ്ളവമുണ്ടായതായും കോൺഗ്രസ് നേതാവ് അറിയിച്ചു.

1988 ഡിസംബർ 27 ന് കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സിദ്ദുവിന്റെ മർദ്ദനമേറ്റ് പാട്യാല നിവാസിയായ 65 കാരനായ ഗുർനാം സിംഗ് മരിച്ച കേസിലാണ് സിദ്ദു ജയിൽ ശിക്ഷ അനുഭവിച്ചത്. കൊലപാതകത്തിൽ നിന്ന് സിദ്ധുവിനെ 2018ൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയെങ്കിലും മരിച്ചയാളിന്റെ ബന്ധു നൽകിയ ഹർജിയിൽ ഉത്തരവ് പുന:പരിശോധിച്ചാണ് ഒരു വർഷം തടവു ശിക്ഷ വിധിച്ചത്.