ആത്മഹത്യ ചെയ്യാനുള്ള വഴികൾ നിർദേശിച്ച് എ ഐ ബോട്ട്; ചാറ്റിംഗ് പതിവാക്കിയ യുവാവ് ജീവനൊടുക്കി

Saturday 01 April 2023 11:13 PM IST

ബ്രസ്സൽസ്: എ ഐ ചാറ്റ് ബോട്ടിന്റെ നിർദേശപ്രകാരം യുവാവ് ആത്മഹത്യ ചെയ്തു. വടക്കുപടിഞ്ഞാറൻ യൂറോപ്പിന്റെ ഭാഗമായ ബെൽജിയത്തിലാണ് സംഭവം. ചാറ്റ് ജിപിറ്റിയ്ക്ക് സമാനമായ രാജ്യത്തെ ചായ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ടാണ് യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ആപ്പുമായി യുവാവ് നിരന്തരമായി നടത്തി വന്ന ചാറ്റിന്റെ വിവരങ്ങൾ ഭാര്യ നവ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാർത്ത പുറംലോകമറിയുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയായിരുന്നു യുവാവ് എ ഐയുമായി നിരന്തരം ചാറ്റ് ചെയ്തിരുന്നത്. ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അമിതമായി ചിന്തിച്ചിരുന്ന യുവാവ് സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമെല്ലാം അകന്നു. പിന്നീടുള്ള ആറാഴ്ച കാലം എ ഐയുമായി നടത്തിയ ചാറ്റാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. ഭാര്യയെക്കാൾ എ ഐ തന്നെ സ്നേഹിക്കുന്നതായും യുവാവിന്റെ ചാറ്റിൽ പറയുന്നു.

ആത്മഹത്യ ചെയ്യാനുള്ള വഴി ആവശ്യപ്പെടുന്ന യുവാവിനോട് നിരവധി മാർഗങ്ങൾ ചാറ്റ്ബോട്ട് നിർദേശിക്കുന്നുമുണ്ട്. വൈകാരിക ബോധമുള്ള ചാറ്റ് ബോട്ടായാണ് ചായ്-യെ ബെൽജിയത്തിൽ അവതരിപ്പിച്ചത്. ചാറ്റ് ജിപിറ്റി അടക്കമുള്ള ചാറ്റ് ബോട്ടുകൾ വൈകാരികമായ രീതിയിലല്ല പ്രതികരണമറിയിക്കാറുള്ളത്. ചായ് വികാരങ്ങൾ പങ്കുവെച്ചത് വഴി അതിൽ തെറ്റിദ്ധരിച്ചാണ് യുവാവ് ആത്മഹത്യ ചെയ്യുന്ന ഘട്ടം വരെ എത്തിയത്.