25 വർഷം മുമ്പ് നടന്ന സംഭവത്തിലെ ഹർജിയിൽ വാദം കേൾക്കും

Sunday 02 April 2023 1:29 AM IST

ന്യൂഡൽഹി:25 വർഷം മുമ്പ് നടന്ന സംഭവത്തിൽ എറണാകുളം സി.ജെ.എം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കവർച്ച കേസിലെ പ്രതിയുടെ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കുന്നു. 1998 ജൂലൈയിൽ എറണാകുളത്തെ ഒരു പാർക്കിൽ ഇരിക്കുകയായിരുന്ന ഒരാളെ ആക്രമിച്ച് പരിക്കേല്പിച്ച ശേഷം സ്വർണ്ണ മാല അപഹരിച്ചുവെന്ന കേസിൽ പ്രതിയെ മജിസ്ട്രേറ്റ് കോടതി മൂന്ന് വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. ഇത് ഹൈക്കോടതി രണ്ട് വർഷമായി കുറച്ചു. ഇതിനെതിരെ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 394 വകുപ്പ് പ്രകാരം കവർച്ച കേസിൽ ശിക്ഷ വിധിക്കാനുള്ള അധികാരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്കില്ലെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസ് കൃഷ്ണ മുരാരി അദ്ധ്യക്ഷനായ ബെഞ്ച് വാദം കേൾക്കാൻ തീരുമാനിച്ചത്. കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കേസിലെ പ്രതി പൊലീസിൽ കീഴടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു.