പാകിസ്ഥാനിൽ ജനങ്ങൾ പട്ടിണിയിൽ: ഭക്ഷ്യ വിതരണത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 13 ആയി

Sunday 02 April 2023 6:45 AM IST

കറാച്ചി: വെള്ളിയാഴ്ച കറാച്ചിയിൽ സൗജന്യ റംസാൻ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 13 ആയി. 12ലേറെ പേർക്ക് പരിക്കുണ്ട്. സാമ്പത്തികനില തകർന്ന പാകിസ്ഥാനിൽ മനുഷ്യർ ഭക്ഷണത്തിനായി നെട്ടോട്ടമോടുകയാണ്. 40നും 50നും ഇടയിൽ പ്രായമുള്ള 10 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. സ്വകാര്യ ഫാക്ടറിക്ക് പുറത്ത് നടത്തിയ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ അപകടമാണ്. ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിൽ സർക്കാർ നടത്തിയ സൗജന്യ റേഷൻ വിതരണത്തിനിടെയിലും തിക്കിലും തിരക്കിലും നാലു പേർ മരിച്ചിരുന്നു.

കറാച്ചി അപകടവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തു. ഭക്ഷ്യ വിതരണത്തിന്റെ കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ല. റംസാനോടനുബന്ധിച്ച് രാജ്യത്ത് സൗജന്യ ഭക്ഷണ വിതരണവും ധനസഹായവും വ്യാപാരികൾ നടത്തുന്നുണ്ട്. സഹായങ്ങൾ വാങ്ങാനെത്തുന്നവർ തിക്കിലും തിരക്കിലും പെടുന്നതും പതിവായിട്ടുണ്ട്. സഹായങ്ങൾ നൽകുന്നവർ അധികൃതർക്ക് വിവരം നൽകണമെന്ന് പൊലീസ് ഇന്നലെയും മുന്നറിയിപ്പ് നൽകി. അപകടത്തിൽ മരിച്ചവർക്ക് സിന്ധ് സർക്കാർ 5,00,​000 പാക്കിസ്ഥാനി രൂപ ധനസഹായം പ്രഖ്യാപിച്ചു.

റംസാൻ സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 23 പേരാണ് പാകിസ്ഥാനിൽ ഭക്ഷണം വാങ്ങാനുള്ള തിക്കിലും തിരക്കിലും മരിച്ചത്. ഇന്നലെ വടക്ക് പടിഞ്ഞാറൻ നഗരമായ പെഷവാറിൽ സൗജന്യ ധാന്യപ്പൊടികൾ ശേഖരിക്കാനെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഗോതമ്പ് ചാക്കുകളും മറ്റും വ്യാപകമായി മോഷ്ടിക്കപ്പെടുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചരക്കുമായി ട്രക്കുകൾ യാത്ര ചെയ്യുന്നത്. രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും റെക്കാഡ് ഉയരത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് പാവപ്പെട്ട കുടുംബങ്ങൾക്കായി സൗജന്യ ഭക്ഷ്യ വിതരണത്തിന് പാക് സർക്കാർ ആഹ്വാനം ചെയ്തത്.