കൊടുങ്കാറ്റ് : യു.എസിൽ 10 മരണം

Sunday 02 April 2023 6:49 AM IST

ന്യൂയോർക്ക് : യു.എസിന്റെ തെക്ക്, മദ്ധ്യ പടിഞ്ഞാറൻ മേഖലകളിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമുണ്ടായ ശക്തമായ കൊടുങ്കാറ്റുകളിൽ 10 മരണം. 50ലേറെ പേർക്ക് പരിക്കേറ്റു. ആർക്കൻസാ അടക്കം ഏഴ് സംസ്ഥാനങ്ങളിൽ 50 ലേറെ കൊടുങ്കാറ്റുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ അഞ്ച് പേർ ആർക്കൻസായിലാണ്. ഇതിൽ നാല് പേർ വിന്നിലും ഒരാൾ നോർത്ത് ലിറ്റിൽ റോക്ക് പട്ടണത്തിലുമാണ് മരിച്ചത്. മൂന്ന് പേർ ഇൻഡ്യാനയിലും അലബാമയിലെ മാഡിസൺ കൗണ്ടിയിലും മിസിസിപ്പിയിലും ഒരാൾ വീതവും മരിച്ചു. നിരവധി വീടുകളും സ്ഥാപനങ്ങളും തകർന്നു. മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. ആർക്കൻസായിലാണ് കൊടുങ്കാറ്റ് ഏറ്റവുമധികം നാശനഷ്ടങ്ങൾ സൃഷ്ടിച്ചത്.