രക്തം ഊറ്റിയെടുക്കും വാമ്പയർ!

Sunday 02 April 2023 6:50 AM IST

ആംസ്റ്റർഡാം : കാഴ്ചയിൽ ഭീകര ജീവിയെ പോലെയോ അന്യഗ്രഹ ജീവിയെ പോലെയോ ഒക്കെ തോന്നിക്കുന്ന കടൽ ജീവിയാണ് സീ ലാംപ്രെ. വാമ്പയർ ഫിഷ് എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. ഫാന്റസി കഥകളിലെ വാമ്പയറുകളെ പോലെ ഇരകളുടെ രക്തം ഊറ്റിക്കുടിക്കുന്ന സ്വഭാവമാണ് ഇവയുടെ ഈ പേരിന് പിന്നിലെ കാരണം.

അടുത്തിടെ നെതർലൻഡ്സിലെ ടെക്സെൽ ദ്വീപിലെ ഒരു കടൽത്തീരത്ത് കൂടി നടക്കുകയായിരുന്ന ഒരു സമുദ്ര ഗവേഷകൻ ഈ ഭീകരനെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. വളരെ അപൂർവമായാണ് വാമ്പയർ ഫിഷിനെ ഇത്തരത്തിൽ കടൽത്തീരത്ത് കാണാനാവുക. ആദ്യം ഈലോ മറ്റോ ആകാമെന്നാണ് ഗവേഷകൻ കരുതിയത്. ഇതിനെ സീലുകൾക്കും പക്ഷികൾക്കും വേണ്ടിയുള്ള മ്യൂസിയമായ എകോമെയറിലേക്ക് ഗവേഷകൻ കൈമാറി.

ഈലിനോട് സാമ്യമുണ്ടെങ്കിലും താടിയെല്ലില്ലാത്ത മത്സ്യങ്ങളാണിവ. ഡിസ്ക് ആകൃതിയിലുള്ള വായും അതിൽ നിറയെ പല്ലുകളുമാണ് ഇവയുടെ പ്രത്യേകത. 2017ലാണ് ഈ ദ്വീപിൽ അവസാനമായി ഒരു വാമ്പയർ ഫിഷിനെ കണ്ടെത്തിയത്. മൂന്നടി നീളമുള്ള വാമ്പയർ ഫിഷുകൾ ഏറെ പഴക്കമുള്ള കടൽ സ്പീഷീസുകളിൽ ഒന്നാണ്.