ഉള്ളിലെത്തിയത് സയനൈഡിനേക്കാൾ വിഷം, വൃദ്ധയ്ക്ക് ദാരുണാന്ത്യം

Sunday 02 April 2023 6:50 AM IST

ന്യൂയോർക്ക് : അപകടകാരിയായ പഫർ ഫിഷിനെ പാകം ചെയ്ത് കഴിച്ച 83കാരിയ്ക്ക് ദാരുണാന്ത്യം. ഇവർക്കൊപ്പം പഫർ ഫിഷ് വിഭവം കഴിച്ച 84കാരനായ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മലേഷ്യയിൽ കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. മാർച്ച് 25ന് ഒരു പ്രാദേശിക ഫിഷ് സ്റ്റാളിൽ നിന്നാണ് വൃദ്ധൻ പഫർ ഫിഷിനെ വാങ്ങിയതെന്ന് പറയപ്പെടുന്നു.

വർഷങ്ങളായി ഇയാൾ ഇതേ ഫിഷ് സ്റ്റാളിൽ നിന്ന് സ്ഥിരമായി മത്സ്യങ്ങളെ വാങ്ങാറുണ്ടായിരുന്നു. വീട്ടിലെത്തിച്ച ശേഷം മത്സ്യത്തെ വൃദ്ധനും ഭാര്യയും ചേർന്ന് പാകം ചെയ്ത് ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ചു. എന്നാൽ അധികം വൈകാതെ വൃദ്ധയ്ക്ക് ശ്വാസതടസം നേരിട്ടു. ശരീരം വിറയ്ക്കാനും തുടങ്ങി. ഒരു മണിക്കൂറിന് ശേഷം ഭർത്താവും ഇതേ ലക്ഷണങ്ങൾ പ്രകടമാക്കി.

ഉടൻ തന്നെ ഇരുവരെയും മകൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൃദ്ധ മരണത്തിന് കീഴടങ്ങി. പഫർ ഫിഷിലടങ്ങിയ അതിമാരക വിഷമാണ് മരണത്തിലേക്ക് നയിച്ചത്. വിഷം ഉള്ളിലെത്തിയതോടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിലായെന്ന് ഡോക്ടർമാർ പറയുന്നു. പഫർ ഫിഷിനെ പറ്റി ഇരുവർക്കും അറിവുണ്ടായിരുന്നില്ല. ടെട്രോഡോടോക്സിൻ, സാക്സിടോക്സിൻ എന്നീ വിഷങ്ങളാണ് പഫർ ഫിഷിലുള്ളത്. ആഹാരം പാകം ചെയ്താലോ ശീതീകരിച്ചാലോ ഇവ നശിക്കുന്നില്ല.

സയനൈഡിനേക്കാൾ അപകടകാരിയാണ് പഫർ ഫിഷിലെ വിഷം. മനുഷ്യരിൽ ഇത് ഉള്ളിലെത്തി 20 മിനിറ്റിനുള്ളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാകും. പഫർ ഫിഷിൽ വിഷം സംഭരിച്ചിരിക്കുന്ന ഭാഗങ്ങൾ പൂർണമായും നീക്കി പ്രത്യേക രീതിയിൽ വൃത്തിയാക്കിയെടുത്ത ശേഷം തയാറാക്കുന്ന വിഭവം ജപ്പാനിൽ പ്രചാരത്തിലുണ്ട്.

അതും അംഗീകാരം നേടിയ വിദഗ്ദ്ധ ഷെഫുകൾക്കാണ് പഫർ ഫിഷിനെ കൈകാര്യം ചെയ്യാൻ അനുമതി. യു.എസ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പഫർ ഫിഷിനെ വാണിജ്യാടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്നതിന് വിലക്കുണ്ട്.