ഇതുവരെ അനുഭവിച്ചതൊന്നും ചൂടേ അല്ല, ഇനി രണ്ടുമാസം ശരിക്കും പൊള്ളും, കരുതിയിരിക്കുക

Sunday 02 April 2023 7:18 AM IST

ന്യൂഡൽഹി:കേരളം ഉൾപ്പടെയുള്ള രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത വരൾച്ചയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. പൊള്ളുന്ന ചൂടുകാരണം പകൽ സമയങ്ങളിൽ പുറത്തിറങ്ങാൻ പോലുമാകാത്ത അവസ്ഥയാണ് . എന്നാൽ ഇത്രയും നാൾ അനുഭവിച്ചതിനെക്കാൾ കടുത്ത ചൂടാണ് ഇനിയുള്ള രണ്ടുമാസം അനുഭവിക്കേണ്ടിവരിക എന്നാണ് കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) നൽകുന്ന മുന്നറിയിപ്പ്. മദ്ധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വരുംദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഏറ്റവും ചൂടേറിയ മാർച്ചാണ് കടന്നുപോയത്. 1901-നുശേഷം രാജ്യത്തെ മൂന്നാമത്തെ ചൂടേറിയ ഏപ്രിലായിരിക്കും ഇപ്പോഴത്തേത്. ഇന്ത്യൻ മൺസൂണിന് അനുകൂലമാകുന്ന ലാ നിന പ്രതിഭാസം ദുർബലമായി മാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷങ്ങളിൽ കേരളത്തിൽ ഇടയ്ക്കിടെ വേനൽമഴ ഉണ്ടാവുമായിരുവെങ്കിൽ ഇപ്പോൾ അത് തീരെ കുറവാണ്. ഇതാണ് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നത്. പലയിടങ്ങളിലും കൊടും വരൾച്ചയാണ്. ഇതുവരെ വറ്റാത്ത ജലാശങ്ങൾ പോലും വറ്റിവരണ്ടിരിക്കുകയാണ്.

സൂക്ഷിക്കുക ഉഷ്ണതരംഗം

സമതല പ്രദേശങ്ങളിലെ പരമാവധി ചൂട് 40 ഡിഗ്രി സെൽഷ്യസും തീരപ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസും മലയോര പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസിലേക്കും എത്തുകയും ഒപ്പം സാധാരണ താപനിലയിൽനിന്ന് 4.5 ഡിഗ്രി സെൽഷ്യസ് കൂടുകയുംചെയ്താൽ അത് ഉഷ്ണതരംഗമായി കണക്കാക്കും. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.

ഹീറ്റ് ക്രാമ്പ് : നിര്‍ജ്ജലീകരണം, ഇലക്ട്രോലൈറ്റ് നഷ്ടപ്പെടല്‍ എന്നിവ മൂലമുണ്ടാകുന്ന പേശിവലിവാണ് ഹീറ്റ് ക്രാമ്പ്.

ഹീറ്റ് എക്‌സോഷന്‍ : ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന മറ്റൊരു അവസ്ഥയാണിത്. ആശയക്കുഴപ്പം, തലകറക്കം, തളര്‍ച്ച, ക്ഷീണം, തലവേദന, പേശിവേദന, ഓക്കാനം, വയറിളക്കം, വിളറിയ ചര്‍മ്മം, അസാധാരണമായ വിയര്‍പ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.

ഹീറ്റ് സ്‌ട്രോക്ക് ): ഏറെ പ്രശ്നമായ ഒന്നാണിത്. അന്തരീക്ഷ താപനില ഒരു പരിധിക്കപ്പുറം കൂടുമ്പോള്‍ ശരീര താപനില 104*F ആകുന്നു. ഇതാണ് സൂര്യാഘാതത്തിന് കാരണമാകുന്നത്. തളര്‍ച്ച, തലകറക്കം, ചുവന്ന് ചൂടായ വരണ്ട ചര്‍മ്മം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.

Advertisement
Advertisement