സംഘർഷങ്ങൾക്ക് അയവില്ലാതെ ബീഹാർ, കേന്ദ്രം വിശദീകരണം തേടി, അമിത്ഷാ ഇന്നെത്തുന്നു

Sunday 02 April 2023 7:49 AM IST

പാട്‌ന:രാമനമവി ആഘോഷങ്ങൾക്ക് പിന്നാലെ ആരംഭിച്ച സംഘർഷങ്ങൾക്ക് അയവില്ലാത്ത സാഹചര്യത്തിൽ കേന്ദ്രം ബീഹാർ സർക്കാരിനോട് വിശദീകരണം തേടി. സസാറാമിൽ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്. സ്ഫോടനത്തിൽ അഞ്ചുപേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം സംഘർഷം രൂപപ്പെട്ട അതേ സ്ഥലത്താണ് ഇന്നലെ രാത്രിയോടെ സ്ഫോടനമുണ്ടായത്. ഇവിടെ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബീഹാറിലെ സംഘർഷങ്ങളില്‍ അസ്വഭാവിക ഇടപെടലുണ്ടെന്ന ആരോപണമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നയിക്കുന്നത്.

കേന്ദ്ര മന്ത്രി അമിത്ഷാ ഇന്ന് സംസ്ഥാനത്തെത്തുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. മാവാഡയിൽ അടക്കം വിവിധയിടങ്ങളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

അതേസമയം, രാമനവമി ദിനത്തില്‍ ബീഹാറിലും പശ്ചിമബംഗാളിലും സംഘർഷം ഉണ്ടായ മേഖലകളില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. ബംഗാളില്‍ 38 പേരെയാണ് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘ‍ർഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ പശ്ചിമ ബംഗാളിൽ ബി ജെ പി നേതാവിനെ അജ്ഞാതർ വെടി വച്ചുകൊന്നു. പൂർബ ബർദ്ധമാനിലെ രാജേഷ് എന്ന രാജു ഝാ ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. കൊൽക്കത്തയിലേക്ക് കാറിൽ സഞ്ചരിക്കവേ മറ്റൊരു വാഹനത്തിലെത്തിയ അജ്ഞാതർ രാജുവിന് നേരെ വെടിയുതിർക്കുകയായിരുന്നു. രാജു സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അനധികൃത കൽക്കരി കച്ചവടം നടത്തിയിരുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.