ഹോട്ട് എയർ ബലൂണിന് തീപിടിച്ച് രണ്ട് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മെക്സിക്കോ: ഹോട്ട് എയർ ബലൂണിന് തീപിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. മെക്സിക്കോ സിറ്റിയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8.40ഓടെയാണ് ബലൂണിനുള്ളിൽ തീപടർന്നത്. ഉടൻ തന്നെ ഉള്ളിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ചാടി. ഒരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായി മെക്സിക്കോ സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
2016ൽ അമേരിക്കയിലെ ടെക്സാസിലും ഹോട്ട് എയർ ബലൂണിന് തീപിടിച്ച് സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു. 16പേരാണ് അന്ന് മരിച്ചത്. ടെക്സാസിൽ രജിസ്ട്രേഷൻ നടത്താതെയാണ് ഹോട്ട് എയർ ബലൂണുകൾ പറത്തിയിരുന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. 2013 ഫെബ്രുവരിയിൽ ഈജിപ്തിലെ ലക്‌സോറിലും ഹോട്ട് എയർ ബലൂണിന് തീപിടിച്ച് ആയിരം അടി താഴ്ചയിലേയ്ക്ക് വീണ 19 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു.