രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3824പേർക്ക്

Sunday 02 April 2023 11:19 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായത് വൻ വർദ്ധന. ഇന്ന് 3824പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1784പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18389 ആയി ഉയർന്നു. 2.87 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണ്. 92.18 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.33 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ചെറിയ രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കൂടിയ അവലോകന യോഗത്തിന് പിന്നാലെ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് പരിശോധനയ്ക്ക് അയക്കേണ്ടതാണ്. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും ആരോഗ്യമന്ത്രി ഇന്നലെ അറിയിച്ചു.

1. പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.

2. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങി മറ്റു അസുഖമുള്ളവര്‍ എന്നിവര്‍ക്ക് കൊവിഡ് ഇന്‍ഫ്ലുവന്‍സാ രോഗലക്ഷണമുണ്ടെങ്കില്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും വേണം.

3. ആശുപത്രിയില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

4. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ആശുപത്രിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കേണ്ടതാണ്. ഇത് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഉറപ്പുവരുത്തേണ്ടതാണ്.

5. ഇന്‍ഫ്‌ളുവന്‍സ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളെ കണ്ടെത്തുവാന്‍ ആശാ പ്രവര്‍ത്തകര്‍, ഫീല്‍ഡ് ജീവനക്കാര്‍ മുഖേന പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതാണ്. ഗര്‍ഭിണികള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തേണ്ടതാണ്.

6. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും മുന്‍കരുതല്‍ ഡോസും എടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി അവബോധം നടത്തണം.

7. പ്രമേഹം, രക്തസമ്മര്‍ദം മുതലായ ജീവിതശൈലി രോഗങ്ങളുള്ളവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും 60 വയസിന് മുകളില്‍ പ്രായമുള്ളവരും, ഗര്‍ഭിണികളും, കുട്ടികളും, അമിത വണ്ണമുള്ളവരും കൊവിഡ് രോഗം വരാതിരിക്കുന്നതിനുള്ള പ്രത്യേകമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇവര്‍ക്ക് കൊവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ അടിയന്തര ചികിത്സ തേടേണ്ടതാണ്. വീട്ടിലുള്ള കിടപ്പ് രോഗികള്‍ക്കും സാന്ത്വന പരിചരണത്തിലുള്ള രോഗികള്‍ക്കും കൊവിഡ് വരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

8. കൊവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള ഒരു രോഗിക്കും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കിടത്തി ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികള്‍ക്കായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം ബെഡുകള്‍ പ്രത്യേകമായി മാറ്റിവച്ച് ചികിത്സ ലഭ്യമാക്കേണ്ടതുമാണ്.

9. ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ അതേ ആശുപത്രിയില്‍ തന്നെ കൊവിഡ് രോഗികള്‍ക്കായി പ്രത്യേകമായി മാറ്റിവച്ചയിടത്ത് തുടര്‍ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

10. മേല്‍പ്പറഞ്ഞ പ്രകാരമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കുന്നുണ്ടെന്നും രോഗികള്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

Advertisement
Advertisement