പ്ലസ്ടു പൊതുപരീക്ഷ കഴിഞ്ഞതും വിദ്യാർത്ഥിനിയുമായി 33കാരനായ അദ്ധ്യാപകൻ തിരുപ്പതിയിൽ പോയി താലികെട്ടി, പോക്‌സോ കേസിൽ അകത്തായി
ചിറ്റൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്ന കുറ്റത്തിന് ആന്ധ്രാ പ്രദേശിൽ അദ്ധ്യാപകൻ അറസ്റ്റിൽ. ചിറ്റൂർ ജില്ലയിലെ ഗംഗവരം മൻഡൽ എന്ന സ്ഥലത്തുള്ള ചലപ്പതി എന്ന മുപ്പത്തിമൂന്നുകാരനായ അദ്ധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപകനായിരുന്ന ഇയാൾ കളവ് പറഞ്ഞാണ് പെൺകുട്ടിയെ തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പ്ലസ്ടുവിന് പഠിക്കുകയായിരുന്ന പെൺകുട്ടിയുടെ പൊതുപരീക്ഷ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടുപോയത്.
പതിനേഴുകാരിയുമായി തിരുപ്പതിയിലെത്തിയ അദ്ധ്യാപകൻ ഇവിടെയുള്ള ക്ഷേത്രത്തിൽ വച്ച് താലിചാർത്തുകയായിരുന്നു. തന്നെ വിശ്വസിക്കണമെന്നും, ചതിക്കുകയില്ലെന്നും ഇയാൾ പെൺകുട്ടിക്ക് ഉറപ്പ് നൽകിയിരുന്നതായി പൊലീസ് പറയുന്നു. വിവാഹ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ യുവാവിന്റെ സ്വഭാവത്തിൽ പൊടുന്നനെയുണ്ടായ മാറ്റത്തിൽ പെൺകുട്ടി അസ്വസ്ഥയാവുകയും, വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഇതേതുടർന്നാണ് പൊലീസ് ഇടപെട്ട് പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.
പൊലീസ് അന്വേഷണത്തിൽ അദ്ധ്യാപകൻ വിവാഹിതനും, പെൺകുട്ടിയുടെ പിതാവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പോക്‌സോ കേസിൽ അറസ്റ്റിലായ ചലപ്പതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.