കാട്ടിൽ തുറന്ന് വിട്ട ചീറ്റകളിലൊരെണ്ണം  20 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച്  ഗ്രാമത്തിലെത്തി, രക്ഷാപ്രവർത്തകർ പിന്നാലെ

Sunday 02 April 2023 2:48 PM IST

ഭോപ്പാൽ : കുനോ നാഷണൽ പാർക്കിലെ ഷിയോപൂർ വനത്തിലേക്ക് തുറന്ന് വിട്ട രണ്ട് ചീറ്റകളിലൊന്ന് നാട്ടിലിറങ്ങി. കൊടുംകാട്ടിൽ നിന്നും ഇരുപത് കിലോമീറ്റർ സഞ്ചരിച്ചാണ് ചീറ്റ അടുത്തുള്ള ഗ്രാമമായ ജാർ ബറോഡ ഗ്രാമത്തിൽ എത്തിയത്. ഒബാൻ എന്ന് പേരിട്ട ചീറ്റയാണ് കാട്ടിൽ നിന്നും പുറത്ത് കടന്നത്. വിവരമറിഞ്ഞ് കുനോ നാഷണൽ പാർക്കിലെ ഉദ്യോഗസ്ഥർ ഗ്രാമത്തിൽ എത്തിയിട്ടുണ്ട്. ചീറ്റയെ തിരികെ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം പതിനൊന്നിനാണ് കുനോ നാഷണൽ പാർക്കിൽ നിയന്ത്രിത മേഖലയിൽ പാർപ്പിച്ചിരുന്ന ചീറ്റകളിൽ ആഷ, ഒബാൻ എന്നീ പേരുള്ള രണ്ട് ചീറ്റകളെ കാട്ടിലേക്ക് തുറന്ന് വിട്ടത്. ഇതിന് ശേഷം ചീറ്റകൾ വേട്ടയാടുന്നതടക്കമുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി രണ്ട് ബാച്ചുകളായി ഇരുപത് ചീറ്റകളെയാണ് കേന്ദ്ര സർക്കാർ ഇടപെട്ട് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതിൽ എട്ടെണ്ണം നമീബിയയിൽ നിന്നും 12 എണ്ണം ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്. അടുത്തിടെ ഇന്ത്യയിൽ കൊണ്ടുവന്ന പെൺചീറ്റകളിൽ ഒരെണ്ണം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. 1952ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ചു എന്ന് കരുതിയ ചീറ്റകൾക്ക് വീണ്ടും രാജ്യത്ത് താവളമൊരുക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്.