കാലാവധി കഴിഞ്ഞാലും വിലകൊടുത്ത് വാങ്ങിയ കൊവിഡ് വാക്‌സിനുകൾ അങ്ങനെ വെറുതേ കളയാൻ പറ്റില്ലല്ലോ! ആശുപത്രികളിൽ ചെയ്യുന്നത് ഇങ്ങനെ
ന്യൂഡൽഹി: ജാർഖണ്‌ഡിലെ സദർ ആശുപത്രിയിൽ കാലഹരണപ്പെട്ട 1,95,000 ഡോസ് കൊവിഡ് വാക്സിനുകൾ നശിപ്പിച്ചു. മാർച്ച് 31ന് കാലഹരണപ്പെട്ട ഈ വാക്സിനുകൾ ആശുപത്രിയിലെ സിവിൽ സർജന്റെ ഓഫീസിൽ വച്ച് ഞായറാഴ്ചയാണ് നശിപ്പിച്ചത്.
ഈ വാക്സിനുകൾ സർക്കാരിന്റെ മാർഗനിർദേശപ്രകാരം ചൂടുവെള്ളത്തിൽ തിളപ്പിച്ച ശേഷം മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു. ഡിസംബർ മുതൽ മാർച്ച് 31 വരെ കാലഹരണപ്പെട്ട വാക്സിനുകളാണ് നശിപ്പിച്ചതെന്ന് ആശുപത്രിയിലെ സീനിയർ ഡോക്ടർ അലോക് സിംഗ് പറഞ്ഞു. എസ്‌സിഎംഒ ഡോ. സി കെ ഷാഹി, ഡിപിഎം നീരജ് ഭഗത്, റിജ്‌ലാൻ വാക്സിൻ സെന്റർ ഇൻ ചാർജ് സഞ്ജയ് കുമാർ എന്നിവരുൾപ്പെടെയുള്ല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു വാക്സിൻ നശിപ്പിച്ചത്.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3824 ആയി. 1784പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ രോഗമുക്തരായത്. ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18389 ആയി ഉയർന്നു. 2.87 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണ്. 92.18 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. 1.33 ലക്ഷം ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്.