വീണാമന്ത്രിയുടെ അസഹിഷ്ണുത
മന്ത്രി വീണാ ജോർജ് മുൻപ് മാദ്ധ്യമ പ്രവർത്തകയായിരുന്നു. ചാനലിന്റെ ഉന്നതസ്ഥാനത്തിരുന്ന ശേഷം രാഷ്ട്രീയത്തിലേക്ക് വന്നത് സ്വന്തം നിലപാടിലെ ദൃഢനിശ്ചയം കൊണ്ടായിരുന്നു എന്നു പറയാനാവില്ല. 2016 ൽ ആറന്മുള നിയമസഭാ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുമ്പോൾ പറയത്തക്ക രാഷ്ട്രീയ പരിചയമാേ സംഘടനാ പ്രവർത്തന പാരമ്പര്യമോ ഉള്ളതായി സി.പി.എമ്മുകാർക്ക് പോലും അറിവുണ്ടായിരുന്നില്ല. ആറന്മുള മണ്ഡലത്തിലേക്ക് 2016ൽ പാർട്ടി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയപ്പോൾ വീണയുടെ പേരുണ്ടായിരുന്നില്ല. പട്ടികയിലെ ആരുടെ പേരാകും സംസ്ഥാന കമ്മറ്റി പ്രഖ്യാപിക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരുന്ന ജില്ലാ നേതാക്കളെ ഞെട്ടിച്ചുകൊണ്ടാണ് വീണയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്. അണിയറയിൽ ആരുമറിയാതെ വീണാ ജോർജിന് സ്ഥാനാർത്ഥിയുടെ ചായമിട്ടു കൊടുത്തത് ഓർത്തഡോക്സ് സഭയുടെ അരമന വൈദ്യന്മാരായിരുന്നു എന്നത് അങ്ങാടിപ്പാട്ടായിരുന്നു.
സഭയുടെ നല്ല കുഞ്ഞാടായാണ് വീണ ആറന്മുളയിലെത്തിയതെന്ന് അന്നത്തെ കന്നി വോട്ടർമാർക്കും അറിയാമായിരുന്നു. സഭാ മക്കളുടെ വിയർപ്പിന്റെ ഫലം തിരഞ്ഞെടുപ്പിൽ വിജയമായി മാറുകയും ചെയ്തു. മുൻ മാദ്ധ്യമ പ്രവർത്തയെന്ന നിലയിൽ വീണയ്ക്ക് ധാർമിക പിന്തുണ നൽകുകയും വാർത്താസ്ഥലം മാറ്റിവയ്ക്കുകയും ചെയ്ത പത്തനംതിട്ടയിലെ മാദ്ധ്യമ പ്രവർത്തകരിൽ പലരും ഇന്ന് അവിടെത്തന്നെയുണ്ട്.
പക്ഷെ, എം.എൽ.എയായ വീണാ ജോർജിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ ബാദ്ധ്യത മാദ്ധ്യമങ്ങൾക്കില്ല. രണ്ടാമതും ആറന്മുളയിൽ നിന്ന് വിജയിച്ച് മന്ത്രിയായപ്പോൾ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുക സ്വാഭാവികം.
മന്ത്രിയുടെ എതിർ സ്വരങ്ങളെയും വിമർശനങ്ങളെയും പരിഗണിക്കുന്ന മാദ്ധ്യമങ്ങളോട് അസഹിഷ്ണുത പുലർത്തുന്നത് നീതികേടാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലുണ്ടായ ഒരു പോസ്റ്റർ പ്രചാരണം വീണാ ജോർജിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു. പത്തനംതിട്ടയിലെ മാക്കാംകുന്ന്, കുമ്പഴ, ചന്ദനപ്പള്ളി പള്ളികളുടെ പരിസരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റർ വീണയെ പേരെടുത്ത് വിമർശിച്ചുകൊണ്ടായിരുന്നു. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ മൗനം വെടിയണമെന്നാണ് ഓർത്തഡോക്സ് യുവജനം എന്ന പേരിൽ പോസ്റ്ററുകൾ കണ്ടെത്തിയത്.
പാതിരാത്രിയിൽ പോസ്റ്റർ പതിച്ചവർ ആ വിവരം ഒരു മാദ്ധ്യമ പ്രവർത്തകനെ വിളിച്ചറിയിച്ചു. ഓർത്തഡോക്സ് - യാക്കോബായ തർക്കം പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രിക്കെതിരെ സ്വന്തം സഭയുടേതായി പുറത്തുവന്ന പോസ്റ്ററിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇതു മനസിലാക്കി വാർത്ത റിപ്പോർട്ട് ചെയ്യാൻ അപ്പോൾത്തന്നെ രംഗത്തിറങ്ങിയ മാദ്ധ്യമ പ്രവർത്തകന്റെ പേരെടുത്തു പറഞ്ഞ് വ്യക്തിപരമായി ആക്ഷേപിക്കുകയാണ് മന്ത്രി ചെയ്തത്. പോസ്റ്റർ പതിച്ചത് അത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകന്റെ നേതൃത്വത്തിലാണെന്ന് പറഞ്ഞ് അദ്ദേഹത്തിനെതിരെ പാർട്ടിഅണികളെ ആക്രമണോത്സുകരാക്കുക എന്ന തന്ത്രം കൂടി മന്ത്രിയുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. ഓർത്തഡോക്സ് യുവജനം എന്ന പേരിൽ ഒരു സംഘടന ഓർത്തഡോക്സ് സഭയ്ക്കില്ലന്ന് പറഞ്ഞ മന്ത്രി അക്കാര്യം അന്വേഷിക്കാതെയാണ് മാദ്ധ്യമങ്ങൾ വാർത്തകൾ നൽകിയതെന്ന് വാദിക്കുന്നു.
പണ്ട് സേവ് കോൺഗ്രസ് എന്നും സേവ് സി.പി.എം ഫോറം എന്നും ഇല്ലാത്ത സംഘടനകളുടെ പേരിൽ നാട്ടിലാകെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് പോരും സി.പി.എമ്മിലെ പിണറായി - വി.എസ് വിഭാഗീയതയും ആളിക്കത്തിനിന്ന കാലമായിരുന്നു അത്. ഇതു സംബന്ധിച്ച
റിപ്പോർട്ടുകൾ അന്ന് ചാനൽ ന്യൂസ് റൂമിലിരുന്ന് ആവേശത്തോടെ വായിച്ച മാദ്ധ്യമ പ്രവർത്തകയായിരുന്നു വീണാ ജാേർജ്.
ഇല്ലാത്ത സംഘടനകളുടെ പേരിലുണ്ടായ പോസ്റ്ററുകളെ അടിസ്ഥാനമാക്കി വന്ന ആ റിപ്പോർട്ടുകൾ തയ്യാറാക്കിയ സ്വന്തം സ്ഥാപനത്തിലെ മാദ്ധ്യമ പ്രവർത്തകരെ വീണ ചോദ്യം ചെയ്തിരുന്നോ എന്ന് ഇപ്പോൾ അറിയേണ്ടതുണ്ട്.
പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റർ കണ്ട് മന്ത്രി വിറളിപൂണ്ടതിന് പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ടാകാം. മന്ത്രിക്കെതിരെ ഓർത്ത്ഡോക്സ് സഭയ്‌ക്കുള്ളിൽ ഉരുണ്ടുകൂടുന്ന പ്രതിഷേധമാണ് പ്രധാനം. വീണയെ സി.പിഎം എം.എൽ.എയും മന്ത്രിയുമാക്കിയത് സഭാമക്കളുടെ പിന്തുണയോടെയാണ്. പകരം ഇടതുപക്ഷ സർക്കാരിൽ നിന്ന് സഭ പലതും പ്രതീക്ഷിക്കുന്നുണ്ട്. അന്തർധാരകൾ സജീവമായിരുന്നു. അതിനിടെയാണ് ഓർത്തഡോക്സ് - യാക്കോബായ തർക്കം രൂക്ഷമായത്.
കോടതിവിധി നടപ്പാക്കാൻ സർക്കാർ ചർച്ച് ബില്ല് കൊണ്ടുവരുന്നതിനെ ഓർത്തഡോക്സ് സഭ എതിർക്കുകയാണ്. ബില്ലിന് തടയിടാൻ സഭയിൽനിന്നുള്ള മന്ത്രിക്ക് കഴിഞ്ഞില്ലെന്ന് വിമർശനമുണ്ട്. മന്ത്രിക്ക് എതിരായ സഭാരോഷമാണ് പോസ്റ്ററിന് പിന്നിലെന്ന് വ്യക്തമാണ്. പോസ്റ്ററിൽ പറയുന്ന ഓർത്തഡോക്സ് യുവജനം എന്ന ഒരു സംഘടന സഭയ്ക്ക് ഇല്ലെന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്. മന്ത്രിക്ക് പിന്നാലെ സഭാനേതൃത്വവും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ, സഭയുടെ വിയർപ്പും വോട്ടും കൊണ്ടാണ് വീണ മന്ത്രിയായതെന്നും സഭാ തർക്കത്തിൽ മന്ത്രി മൗനം വെടിയണമെന്നുമുള്ള പോസ്റ്ററുകളിലെ വാചകങ്ങളെ സഭ എതിർത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മന്ത്രിയെ പിന്തുണയ്ക്കാൻ സഭയില്ലെന്നാണ് ഇതിലെ സൂചന. സഭാ തർക്കത്തിൽ ചർച്ച് ബില്ലിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പുമാർ മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറിയെയും നേരിൽക്കണ്ട് ആവശ്യപ്പെട്ടിരുന്നു. അനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല.
സഭയുടെ അമർഷം പോസ്റ്ററിലൂടെ പുറത്തേക്ക് വരികയായിരുന്നു.
അത് വാർത്തയാക്കിയ മാദ്ധ്യമങ്ങൾക്ക് നേരെ മന്ത്രി കയർക്കുന്നത് അസഹിഷ്ണുതയുടെ പ്രതിഫലനമാണ്.