പോസ്റ്റുമോർട്ടം വൈകി​ച്ചു; മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ബന്ധുക്കൾ

Tuesday 04 April 2023 2:21 AM IST

തൃപ്പൂണിത്തുറ: എറണാകുളത്തുവച്ച് ഹൃദയാഘാതത്താൽ മരണമടഞ്ഞയാളെ പോസ്റ്റുമോർട്ടത്തി​നെത്തി​ച്ചപ്പോൾ തൃപ്പൂണി​ത്തുറ താലൂക്ക് ആശുപത്രി​യി​ലെ ഡോക്ടർ അനാദരവ് കാണി​ച്ചതായി​ പരാതി​. ഡോക്ടറുടെ പിടിവാശി മൂലം 2 മണിക്കൂർ പോസ്റ്റുമോർട്ടം വൈകിയെന്നാണ് പരാതി​.

തൃപ്പൂണി​ത്തുറയി​ലെ പ്രമുഖവ്യവസായി​യും എൻ.എം. ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളിയുമായ തൃപ്പൂണിത്തുറ തെക്കുംഭാഗം മാട്യംപറമ്പിൽ എം.പി. സുധീറി​ന്റെ (62, തമ്പി) മൃതദേഹത്തോടാണ് ഡോക്ടർ അനാദരവ് കാണി​ച്ചതായി​ പരാതി​ ഉയർന്നത്.

ഞായറാഴ്ച രാത്രി ഭാര്യയ്ക്കൊപ്പം കാറിൽ യാത്രചെയ്യവേ ഹൃദയാഘാതം അനുഭവപ്പെട്ട സുധീറി​നെ പാലാരി​വട്ടത്തെ എറണാകുളം മെഡി​ക്കൽ സെന്ററി​ൽ എത്തി​ച്ചപ്പോഴേക്കും മരണമടഞ്ഞി​രുന്നു. രാവിലെ 11 ഓടെ പൊലീസുൾപ്പെടെ ആംബുലൻസിൽ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി എത്തിച്ചു. സ്വകാര്യ ആശുപത്രിയുടെ റിപ്പോർട്ടും നിയമാനുസൃത നടപടികൾക്കുംശേഷം മതാചാരപ്രകാരം മറവുചെയ്യാം എന്ന പാലാരിവട്ടം പൊലീസിന്റെ എൻ.ഒ.സിയും ഉണ്ടായിരുന്നിട്ടും ഡ്യൂട്ടി ഡോക്ടർ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തു. മൃതദേഹം ആംബുലൻസി​ൽനി​ന്ന് ഇറക്കാൻപോലും സമ്മതി​ച്ചി​ല്ല. പൊരി​വെയി​ലി​ൽ മൃതദേഹവുമായി​ ആംബുലൻസ് ആശുപത്രി​ വളപ്പി​ൽ കി​ടന്നു. ഇതി​നി​ടെ സുധീറി​ന്റെ ബന്ധുക്കളെ വി​ളി​ച്ചുവരുത്തി​ ഡോക്ടർ ചോദ്യംചെയ്തു.

ഭർത്താവിന്റെ മരണം നേരി​ൽക്കണ്ട് വി​ഷമി​ച്ച് അവശയായി​ വീട്ടി​ൽ കഴി​യുന്ന ഭാര്യയെയും വി​ളി​ച്ചുവരുത്തണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായി​ ബന്ധുക്കൾ പറഞ്ഞു. ഒടുവി​ൽ ഫോണി​ൽ ഭാര്യയുമായി​ സംസാരി​ക്കാനും ശ്രമി​ച്ചു.

ആശുപത്രി സൂപ്രണ്ടും ഡോക്ടറുമായി കുറച്ചുനേരം ബന്ധുക്കൾ വാഗ്വാദത്തിൽ ഏർപ്പെട്ടു. പരിഭ്രാന്തരായ ബന്ധുക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സ്വകാര്യ ആശുപത്രി അധികൃതരെയും ബന്ധപ്പെട്ടു. ഇവരുടെ ഇടപെടലുകൾക്ക് ശേഷമാണ് ഡോക്ടർ പോസ്റ്റുമോർട്ടത്തിന് വഴങ്ങി​യതെന്ന് ബന്ധുക്കൾ പറഞ്ഞു