ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെൽത്ത് ഉച്ചകോടി അമൃത ആശുപത്രിയിൽ
ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതികളിലൊന്നായ സിവിൽ-20യുടെ (സി- 20) ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെൽത്ത് ഉച്ചകോടി ഏപ്രിൽ 8,9 തീയതികളിൽ ഫരീദാബാദിലെ അമൃത ആശുപത്രിയിൽ നടക്കും. ഏപ്രിൽ 8 ന് രാവിലെ 11.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ, കേന്ദ്രസഹമന്ത്രി കൃഷൻ പാൽ ഗുർജാർ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ, മന്ത്രിമാരായ ഡോ. അനിൽ വിജ്, രഞ്ജിത് സിംഗ്, രാജേഷ് നഗാർ എംഎൽഎ, കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച തുടങ്ങിയവർ സംസാരിക്കും.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതിനിധികളെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്യും. അർജന്റീന, റുവാണ്ട, മലാവി തുടങ്ങിയ രാജ്യങ്ങളുടെ മുൻ ആരോഗ്യ മന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ലോകപ്രശസ്ത ആത്മീയ നേതാവും മനുഷ്യസ്നേഹിയുമായ മാതാ അമൃതാനന്ദമയി ദേവിയാണ് സി-20യുടെ അദ്ധ്യക്ഷ.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ 700ലധികം സി.എസ്.ഒകളിൽ നിന്നുള്ള പ്രതിനിധികൾ, ആരോഗ്യ വിദഗ്ദ്ധർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, പൊതുജനാരോഗ്യ മേഖലയിലുള്ള പ്രമുഖർ തുടങ്ങിയവർ യോഗങ്ങളിലും ചർച്ചകളിലും ശില്പശാലകളിലും പങ്കെടുക്കും. മാനസികാരോഗ്യം, പോഷകാഹാരം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, വയോജന പരിചരണം, സമഗ്രമായ ആരോഗ്യ സമീപനങ്ങൾ, വൺ ഹെൽത്ത്, സാംക്രമികേതര രോഗങ്ങൾ കുറയ്ക്കൽ എന്നിവ ഉൾപ്പെടെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഏഴ് പ്രധാന മേഖലകളിൽ സി 20 സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിനിധികൾക്ക് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ (എ.ഐ.ഐ.എ) സന്ദർശിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. ഒരു തൃതീയ പരിചരണ കേന്ദ്രം പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാങ്കേതിക പുരോഗതിയും സമന്വയിപ്പിച്ച് സമഗ്രമായ ആരോഗ്യ സംരക്ഷണം നൽകുന്നത് എങ്ങനെയെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെൽത്ത് സംബന്ധിച്ച സി-20 വർക്കിംഗ് ഗ്രൂപ്പിന്റെ കോ- ഓർഡിനേറ്റർ ഡോ. പ്രിയ നായർ പറയുന്നു. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്ന ഒരു ഫോറമാണ് ജി-20. ആഗോള സമ്പദ‌്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ജി-20 പ്രവർത്തിക്കുന്നത്.