പാർലമെന്റ് സ്‌തംഭനം തുടരുന്നു; കോമ്പറ്റീഷൻ കമ്മിഷൻ ബിൽ ചർച്ചയില്ലാതെ പാസാക്കി, ഇന്നസെന്റിന് ആദരം

Tuesday 04 April 2023 12:05 AM IST

ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു. മഹാവീർ ജയന്തിയായതിനാൽ ഇന്ന് പാർലമെന്റിന് അവധിയാണ്.

രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ഇന്നലെയും കറുത്ത വസ്‌ത്രം ധരിച്ചാണ് ഇരുസഭകളിലുമെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടർന്ന് സഭയിൽ നിന്ന് വിട്ടു നിന്ന ലോക്‌സഭാ സ്‌പീക്കർ ഓം ബിർള ഇന്നലെ എത്തിയിരുന്നു. രാവിലെ 11മണിക്ക് ലോക്‌സഭ സമ്മേളിച്ചയുടൻ അന്തരിച്ച മുൻ എം.പി ഇന്നസെന്റ്, പൂനയിൽ നിന്നുള്ള ബി.ജെ.പി സിറ്റിംഗ് എം.പി ഗിരീഷ് ബാപട്ട് എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു. ബാപ്പട്ട് മാർച്ച് 29നാണ് അന്തരിച്ചത്. ആദരാഞ്ജലി അർപ്പിച്ച ശേഷം സഭ മറ്റു നടപടികളിലേക്ക് കടക്കാതെ ഉച്ചയ്‌ക്ക് രണ്ടുമണിവരെ നിറുത്തി.

ഉച്ചയ്‌ക്ക് രണ്ടുമണിക്ക് സഭ നിയന്ത്രിച്ച ഉപാദ്ധ്യക്ഷ പാനലിലെ രാജേന്ദ്ര അഗർവാൾ വിവിധ വിഷയങ്ങളിൽ അംഗങ്ങൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിയതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങൾ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. ബഹളം അവഗണിച്ച് പാർലമെന്ററി സമിതി റിപ്പോർട്ടുകൾ അവതരിപ്പിച്ച ശേഷം സഭ പിരിഞ്ഞു.

രാജ്യസഭ രാവിലെ ബഹളത്തെ തുടർന്ന് രണ്ടുമണിവരെ നിറുത്തി. രണ്ടുമണിക്ക് പ്രതിപക്ഷ ബഹളത്തിനിടെ വിവിധ സമിതി റിപ്പോർട്ടുകൾ അവതരിച്ചു. ഒപ്പം കോമ്പറ്റീഷൻ കമ്മിഷൻ (ഭേദഗതി) ബില്ലും ചർച്ചയില്ലാതെ പാസാക്കിയ ശേഷം പിരിഞ്ഞു. കോമ്പറ്റീഷൻ കമ്മിഷൻ ബിൽ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു.

പെസഹ വ്യാഴം ദിനത്തിൽ പാർലമെന്റ് സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് എം.പിമാരായ കൊടിക്കുന്നിൽ സുരേഷും ബെന്നി ബെഹ്‌നാനും സ്‌പീക്കർ ഓം ബിർളയ്‌ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. മുൻനിശ്ചയിച്ച പ്രകാരം പെസഹാ ദിനമായ ഏപ്രിൽ ആറുവരെയാണ് സഭാ സമ്മേളനം.