അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം: മോദി

Tuesday 04 April 2023 12:14 AM IST

ന്യൂഡൽഹി: അഴിമതിക്കാരിൽ ഒരാളെപ്പോലും വെറുതേ വിടില്ലെന്നും അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയാണ് സി.ബി.ഐയുടെ ശത്രു. അവരെ തടയാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും സി.ബി.ഐയുടെ വജ്രജൂബിലി ആഘോഷം വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

നീതിയുടെ ബ്രാൻഡ് അംബാസഡറാണ് സി.ബി.ഐ. അഴിമതി നടത്തുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് സി.ബി.ഐ നൽകുന്നത്. രാജ്യത്തെ അഴിമതിയിൽ നിന്ന് മുക്തമാക്കുകയെന്നതാണ് സി.ബി.ഐയുടെ ഉത്തരവാദിത്വം. രാജ്യവും നിയമവും ഭരണഘടനയും നിങ്ങൾക്കൊപ്പമുണ്ട്. രാജ്യത്തെ സാധാരണ പൗരന്മാർക്കിടയിൽ സി.ബി.ഐയുടെ വിശ്വാസ്യത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

മുൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്നു. എങ്ങനെ അഴിമതി നടത്താമെന്ന് ഗവേഷണം നടത്തുകയായിരുന്നു അവർ. അഴിമതി കവർന്നെടുക്കുന്നത് ദരിദ്രരുടെ അവകാശങ്ങളാണ്. എന്നാൽ, 2014ന് ശേഷം രാജ്യത്ത് അഴിമതി ഇല്ലാതായി. യു.പി.എ കാലത്ത് 2ജി ലേലം അഴിമതിയിൽ മുങ്ങി. ഈ സർക്കാരിന്റെ കാലത്ത് 5ജി ലേലം സുതാര്യതയുടെ ഉദാഹരണമായി.

സി.ബി.ഐ പിന്നിട്ട ആറ് പതിറ്റാണ്ടുകൾ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. ഇന്ന് ഗ്രാമങ്ങളിൽ പോലും എല്ലാവരുടെയും ചുണ്ടിൽ സി.ബി.ഐ എന്ന പേരാണുള്ളത്. അഴിമതിക്കെതിരെ നടപടിയെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിക്ക് ഇന്ന് കുറവില്ല- പ്രധാനമന്ത്രി വ്യക്തമാക്കി.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ നേടിയവരെആദരിച്ച പ്രധാനമന്ത്രി സി.ബി.ഐയുടെ പുതിയ ഓഫീസ് സമുച്ചയവും ഉദ്ഘാടനം ചെയ്തു. വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കി.

അന്താരാഷ്ട്ര പൊലീസ് സംവിധാനവുമായുള്ള സഹകരണം സംബന്ധിച്ച കൈപ്പുസ്തകവും പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, സി.ബി.ഐ ഡയറക്ടർ സുബോധ് കുമാർ ജയ്സ്വാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.