ചീറ്റപ്പുലി ഒബൻ എത്തി, ഗ്രാമവാസികളെ ഒഴിപ്പിച്ചു

Tuesday 04 April 2023 12:16 AM IST

ഭോപ്പാൽ: നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റകളിലൊന്നായ ഒബൻ ദേശീയോദ്യാനത്തിന് 20 കിലോമീറ്റർ അകലെയുള്ള വിജയപൂരിനടുത്തുള്ള ജർ ബറോഡ ഗ്രാമത്തിന് സമീപപ്രദേശത്തേക്കെത്തിയത് ജനങ്ങളെ ആശങ്കയിലാക്കി. ശനിയാഴ്ചയോടെയാണ് ചീറ്റപ്പുലി ഗ്രാമപ്രദേശത്തേക്ക് യാത്ര ആരംഭിച്ചത്. ചീറ്റയുടെ കഴുത്തിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറിലൂടെയാണ് ചീറ്റ സഞ്ചാരം ആരംഭിച്ചതായി കണ്ടെത്തിയത്. ​ഗ്രാമവാസികളെ മാറ്റി പാർപ്പിച്ച പൊലീസ് സംഘം സ്ഥിതി ഗതികൾനിരീക്ഷിച്ചു വരികയാണ്.

അതിനിടെ, കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റപ്പുലിയെ തിരികയെത്തിക്കാനുളള ശ്രമങ്ങൾ വനംവകുപ്പ് അധികൃതർ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്തെത്തിച്ച എട്ടു ചീറ്റകളിൽ നാലെണ്ണത്തെ വിശാലവനത്തിലേക്ക് പ്രവേശിപ്പിച്ചതിന് പിന്നാലെ ഒബനെയും ആശയെയും മാർച്ച് 11നാണ് കടത്തിവിട്ടത്.

കഴിഞ്ഞ വർഷം സെപ്തംബർ 17നാണ് 5 പെൺചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ചത്. കിഡ്നിക്കുണ്ടായ തകരാറുമൂലം കഴിഞ്ഞ ആഴ്ച ഒരു ചീറ്റ ചത്തു. 1952ലാണ് രാജ്യത്ത് ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.