റഷ്യയിൽ സ്ഫോടനം: മിലിട്ടറി ബ്ലോഗർ കൊല്ലപ്പെട്ടു,​ യുവതി അറസ്റ്റിൽ  പിന്നിൽ യുക്രെയിനും നവാൽനി അനുകൂലികളുമെന്ന് റഷ്യ

Tuesday 04 April 2023 5:03 AM IST

മോസ്കോ : റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ കഫേയിലുണ്ടായ സ്ഫോടനത്തിൽ മിലിട്ടറി ബ്ലോഗർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് 6.13നായിരുന്നു സംഭവം. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് ശക്തമായ പിന്തുണ നൽകിയിരുന്ന വ്ലാഡ്‌ലെൻ ടറ്റാർസ്കി ( 40 ) ആണ് കൊല്ലപ്പെട്ടത്. മാക്സിം ഫോമിൻ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്.

വ്ലാഡ്‌ലെന് കഫേയിൽ നിന്ന് ലഭിച്ച ഒരു ചെറുപ്രതിമ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഡാര്യ ട്രെപോവ ( 26 )​ എന്ന യുവതിയെ അന്വേഷണോദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഈ പ്രതിമ താനാണ് വ്ലാഡ്‌ലെന് നൽകിയതെന്ന് പൊലീസിനോട് ഇവർ സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നു. എന്നാൽ, പ്രതിമയിൽ സ്ഫോടക വസ്തു സ്ഥാപിച്ചത് അറിയാമായിരുന്നോ എന്നും അതിന് പിന്നിൽ ആരാണെന്നും ഇവർ പറയുന്നില്ല. സ്ഫോടനത്തിൽ 24 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്.

കഫേയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ അതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു വ്ലാഡ്‌ലെൻ. പ്രതിമ അടങ്ങിയ കാർഡ്ബോർഡ് ബോക്സുമായി ഡാരിയ കഫേയിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സ്ഫോടനത്തിന് പിന്നാലെ തുർക്കി വഴി ജോർജിയയിലേക്ക് പോകാൻ ഇവർ പദ്ധതിയിട്ടിരുന്നതായും പറയുന്നു. യുദ്ധ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ഡാര്യ ഇതിന് മുമ്പും അറസ്റ്റിലായിട്ടുണ്ട്.

സ്ഫോടനത്തിന് പിന്നിൽ യുക്രെയിൻ സ്പെഷ്യൽ സർവീസസ് ആണെന്നും പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുമായി ബന്ധമുള്ള ഏജന്റുമാരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയതെന്നും റഷ്യയുടെ തീവ്രവാദ വിരുദ്ധ കമ്മിറ്റി ആരോപിച്ചു. ആരോപണം യുക്രെയിനും നവാൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷനും തള്ളി.

വ്ലാഡ്‌ലെന്റെ മരണം റഷ്യയിലെ ആഭ്യന്തര രാഷ്ട്രീയത്തിനുള്ളിലെ തമ്മിൽത്തല്ലിന്റെ ഫലമാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ഉപദേഷ്ടാവ് മൈക്കൈലോ പൊഡൊലയാക് പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനിയ്ക്ക് നേരെ 2020 ഓഗസ്റ്റിൽ വിഷപ്രയോഗമുണ്ടായിരുന്നു. റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരി​റ്റി സർവീസ് (എഫ്.എസ്.ബി) ആണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. വിഷപ്രയോഗത്തെ ജർമ്മനിയിലെ ചികിത്സയിലൂടെ അതിജീവിച്ച നവാൽനി 2021 ജനുവരിയിൽ റഷ്യയിൽ തിരിച്ചെത്തിയെങ്കിലും അഴിമതി അടക്കമുള്ള ആരോപണങ്ങൾ ചുമത്തി ജയിലിലടക്കപ്പെട്ടു.

അതേ സമയം, സ്ഫോടനമുണ്ടായ കഫേ മുമ്പ് റഷ്യയുടെ സ്വകാര്യ പാരാമിലിട്ടറി സംഘടനയായ വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ യെവ്‌ജെനി പ്രിഗോഷിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. വ്ലാഡ്‌ലെന്റെ മരണത്തിൽ പ്രിഗോഷിൻ അനുശോചനം രേഖപ്പെടുത്തി. പുട്ടിന്റെ അടുത്ത അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനുമായ അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിന ( 29 ) ആഗസ്റ്റിൽ മോസ്കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിന് ശേഷം റഷ്യയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പ്രമുഖ വ്യക്തിയാണ് വ്ലാഡ്‌ലെൻ.

 വ്ലാഡ്‌ലെൻ ടറ്റാർസ്കി

വ്ലാഡ്‌ലെൻ ടറ്റാർസ്കി റഷ്യൻ സൈനികനോ ഉദ്യോഗസ്ഥനോ അല്ല. ടെലിഗ്രാമിൽ ഇയാൾക്ക് 5.00,​000ത്തിലേറെ ഫോളോവേഴ്സുണ്ട്. ബ്ലോഗറായ ഇയാൾ യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ പിന്തുണച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിൽ ജനിച്ച ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. സായുധ കവർച്ചയ്ക്ക് ജയിൽ ശിക്ഷ അനുവഭിച്ച ഇയാളെ 2014ൽ ഡൊണെസ്ക് നിയന്ത്രണത്തിലാക്കിയ റഷ്യൻ അനുകൂല വിമതരാണ് മോചിപ്പിച്ചത്. തുടർന്ന് വിമതരുടെ ഭാഗമായി. യുക്രെയിനിൽ റഷ്യൻ സൈന്യത്തിനുണ്ടായ തിരിച്ചടിയിൽ അതൃപ്തി പ്രകടിപ്പിച്ച ഇയാൾ പുട്ടിനെ പോലും വിമർശിച്ചിട്ടുണ്ട്. കിഴക്കൻ യുക്രെയിനിൽ റഷ്യക്കൊപ്പം പോരാട്ടങ്ങൾക്കും ഇയാൾ പങ്കാളിയായിട്ടുണ്ട്.