ഫിൻലൻഡിൽ സന്ന മരീന്റെ പാർട്ടിക്ക് തോൽവി, പെറ്റേരി ഓർപോ അടുത്ത പ്രധാനമന്ത്രിയാകും

Tuesday 04 April 2023 5:03 AM IST

ഹെൽസിങ്കി : ഫിൻലൻഡിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സന്ന മരീന്റെ പാർട്ടിക്ക് പരാജയം. രാജ്യത്തെ പ്രധാന കൺസർവേറ്റീവ് പാർട്ടിയായ നാഷണൽ കോളിഷൻ പാർട്ടി ( എൻ.സി.പി ) 20.8 ശതമാനം വോട്ടെടെ മുന്നിലെത്തി. പാർലമെന്റിൽ 200 സീറ്റിൽ 48 സീറ്റുകളിലാണ് എൻ.സി.പി മുന്നിലുള്ളത്.

20.1 ശതമാനം വോട്ടോടെ ( 46 സീറ്റ് )​ വലതുപക്ഷ പാർട്ടിയായ ദ ഫിൻസ് ആണ് മദ്ധ്യ - വലതുപക്ഷ പാർട്ടിയായ എൻ.സി.പിക്ക് തൊട്ടുപിന്നിലുള്ളത്. സന്ന മരീന്റെ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 19.9 ശതമാനം വോട്ട് ( 43 സീറ്റ് )​ നേടാനേ കഴിഞ്ഞുള്ളു. തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നതായി സന്ന പറഞ്ഞു.

അതേ സമയം, മൂന്ന് പാർട്ടികളിൽ ആർക്കും ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ല. എന്നാൽ എൻ.സി.പിയുടെ നേതൃത്വത്തിൽ സഖ്യ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചു. എൻ.സി.പി നേതാവ് പെറ്റേരി ഓർപോ ( 53 )​ അടുത്ത പ്രധാനമന്ത്രിയാകും. മുൻ ഉപപ്രധാനമന്ത്രിയായ പെറ്റേരി നേരത്തെ ധനം, ആഭ്യന്തരം, കൃഷി, വനം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

2019ൽ സന്ന മരീൻ 34ാം വയസിൽ ഫിൻലൻഡ് പ്രധാനമന്ത്രിയായ സന്ന മരീൻ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രിയാണ്. ആഗോള തലത്തിൽ ഏറെ ആരാധകരുള്ള രാഷ്ട്രീയ നേതാവായ സന്ന യുക്രെയിന് നൽകി വന്ന പിന്തുണയും ഏറെ ശ്രദ്ധ നേടി. യുക്രെയിനിലെ റഷ്യൻ അധിനിവേശ പശ്ചാത്തലത്തിൽ സൈനിക നിഷ്പക്ഷത ഉപേക്ഷിച്ച് നാറ്റോയിൽ ചേരാനുള്ള ചരിത്ര തീരുമാനമെടുത്ത സന്നയ്ക്ക് രാജ്യത്തിനുള്ളിൽ ഈ നേട്ടങ്ങൾ തുണയേകിയില്ല. സർക്കാരിന്റെ ചെലവുകളും സന്ന പാർട്ടികളിൽ പങ്കെടുത്തതും രാജ്യത്ത് വിവാദം സൃഷ്ടിച്ചിരുന്നു.

 സന്ന മരീൻ - ജനപ്രിയ നേതാവ്

ഫിൻലൻഡിന്റെ 46ാമത്തെ പ്രധാനമന്ത്രിയായ സന്ന മരീൻ രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ വനിതയാണ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ സന്ന ചുരുങ്ങിയ കാലയളവിൽ ഫിൻലൻഡിലെ ജനപ്രിയ നേതാവായി വളർന്നു. തന്റെ നിലപാടുകൾ തുറന്നു പറയുന്നതിലൂടെ സന്ന കരുത്ത് തെളിയിച്ചു. 27ാമത്തെ വയസിൽ സജീവ രാഷ്ട്രീയ ലോകത്തേക്ക് ചുവടുവച്ച സന്നയെ 2010 ൽ സോഷ്യൽ ഡെമോക്രാറ്റിക് യൂത്തിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

2012ൽ ടാംപെറേ സിറ്റി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട സന്ന 2013 മുതൽ 2017 വരെ സിറ്റി കൗൺസിലിന്റെ ചെയർപേഴ്സൺ ആയിരുന്നു. 2014ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ചെയർപേഴ്സൺ സ്ഥാനത്തേക്കെത്തിയ സന്ന 2015ൽ തന്റെ 30ാം വയസിൽ പിർകാൻമാ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായി ഫിന്നിഷ് പാർലമെന്റിലെത്തി. നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സന്ന 2019 ജൂൺ 6 മുതൽ ഗതാഗത മന്ത്രിയായി സേവനമനുഷ്‌ഠിച്ചിരുന്നു.