ഫിൻലൻഡ് ഇന്ന് നാറ്റോ അംഗമാകും
ബ്രസ്സൽസ് : ഫിൻലൻഡ് ഇന്ന് ഔദ്യോഗികമായി നാറ്റോ സൈനിക സഖ്യത്തിലെ 31-ാം അംഗമാകുമെന്ന് നാറ്റോ തലവൻ ജെൻസ് സ്റ്റോൽറ്റൻബർഗ് അറിയിച്ചു. നാറ്റോയിൽ ചേരാനുള്ള ഫിൻലൻഡിന്റെ അപേക്ഷ അടുത്തിടെ തുർക്കി പാർലമെന്റ് അംഗീകരിച്ചിരുന്നു. യു.എസ് അടക്കം മറ്റ് അംഗങ്ങളെല്ലാം നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.
മാസങ്ങൾ നീണ്ട എതിർപ്പിനൊടുവിലാണ് തുർക്കി ഫിൻലൻഡിന് പച്ചക്കൊടി കാട്ടിയത്. ഇതോടെയാണ് ഫിൻലൻഡിന്റെ നാറ്റോ പ്രവേശനത്തിന് മുന്നിലുണ്ടായിരുന്ന അവസാന തടസ്സവും നീങ്ങിയത്. ഫിൻലൻഡ് പതാക ഇന്ന് ബ്രസ്സൽസിലെ നാറ്റോ ആസ്ഥാനത്ത് ഉയർത്തും. കൂട്ടായ്മയിലെ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരാനിരിക്കെയാണ് നിർണ്ണായക പ്രഖ്യാപനം.
ഫിൻലൻഡ് പ്രസിഡന്റ് സോളി നിനിസ്റ്റോ നാറ്റോ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. അതേസമയം, ഫിൻലൻഡിന്റെ നാറ്റോ പ്രവേശനം അയൽരാജ്യമായ റഷ്യയുടെ കടുത്ത വിരോധത്തിന് കാരണമായിട്ടുണ്ട്. തങ്ങളുടെ പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ അതിർത്തികളിൽ സൈനിക ശക്തി വർദ്ധിപ്പിക്കുമെന്ന് റഷ്യ അറിയിച്ചു.
യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് ഫിൻലൻഡും അയൽരാജ്യമായ സ്വീഡനും സൈനിക നിഷ്പക്ഷ നയം ഉപേക്ഷിച്ച് നാറ്റോയിൽ ചേരാൻ അപേക്ഷ നൽകിയത്. ഹംഗറി, തുർക്കി എന്നീ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ സ്വീഡന്റെ പ്രവേശനം ഇപ്പോഴും പാതി വഴിയിലാണ്.