നിർബന്ധിത വധശിക്ഷ നിറുത്തി മലേഷ്യ

Tuesday 04 April 2023 5:43 AM IST

ക്വാലാലംപൂർ: നിർബന്ധിത വധശിക്ഷ നിറുത്തലാക്കാനുള്ള നിയമ പരിഷ്കാരങ്ങൾക്ക് അംഗീകാരം നൽകി മലേഷ്യൻ പാർലമെന്റ്. ഇതോടെ വധശിക്ഷ നിർബന്ധമാക്കിയിട്ടുള്ള കു​റ്റകൃത്യങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഭേദഗതിക്ക് പാർലമെന്റിന്റെ ഉപരിസഭയുടെ അംഗീകാരം കൂടി ലഭിക്കണം. ഉപരിസഭയിലും ഇത് പാസാകുമെന്നാണ് കരുതുന്നത്. വധശിക്ഷയ്ക്ക് പകരമായി ചാട്ടവാറടിയും 30 മുതൽ 40 വർഷം വരെ തടവും നൽകും. കു​റ്റവാളിയുടെ സ്വാഭാവിക ജീവിതകാലം മുഴുവൻ തടവുശിക്ഷ ആവശ്യപ്പെടുന്ന രീതിയും മാ​റ്റിസ്ഥാപിക്കും. രാജ്യത്ത് വധശിക്ഷകൾക്ക് 2018 മുതൽ മോററ്റോറിയം നിലവിലുണ്ട്. പാസാക്കിയ ഭേദഗതി കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നിവ ഉൾപ്പെടെ നിലവിൽ വധശിക്ഷ ലഭിക്കാവുന്ന 34 കുറ്റകൃത്യങ്ങൾക്ക് ബാധകമാണ്. അതേ സമയം, വധശിക്ഷ നിർബന്ധമാക്കിയിട്ടുള്ള കു​റ്റകൃത്യങ്ങൾ കൂടാതെ ജഡ്ജിയുടെ വിവേചന അധികാരമുപയോഗിച്ച് വധശിക്ഷ നൽകാവുന്ന കുറ്റകൃത്യങ്ങളുമുണ്ട്. മലേഷ്യയിലെ 1,300ലധികം തടവുകാർക്ക് പുതിയ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ശിക്ഷാ ഇളവ് തേടാനാകും. ഔദ്യോഗിക കണക്കുകൾ പ്രകാരം 1992 മുതൽ 2023 വരെ 1,318 തടവുകാരെ മലേഷ്യയിൽ തൂക്കിലേറ്റിയിട്ടുണ്ട്.