കുതിച്ചുയർന്ന് സാമഗ്രികളുടെ വില; അടിത്തറ ഇളകി നിർമ്മാണ മേഖല

Wednesday 05 April 2023 12:52 AM IST

കോട്ടയം . നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും, ക്വാറി ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും, അനുമതി ഫീസിലെ വർദ്ധനയും നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. സമിന്റ് , കമ്പി, പാറ ഉത്പന്നങ്ങൾ തുടങ്ങി സർവതിനും പൊള്ളുന്ന വിലയാണ്. ജില്ലയിലെ ചെറുകിട ക്വാറികളുടെ പ്രവർത്തനവും ആറ്റിൽ നിന്നുമുള്ള മണൽ വാരൽ നിരോധിച്ചതും വിലവർദ്ധനവിന് ഇടയാക്കി. നിർമ്മാണം ആരംഭിച്ച കെട്ടിടങ്ങൾ പൂർത്തിയാക്കാനും പുതിയ നിർമ്മാണ ജോലികൾ ആരംഭിക്കാനും കഴിയാനാകാതെ സാധാരണക്കാരും കരാറുകാരും ദുരിതത്തിലാണ്.

എം സാന്റ്, പി സാന്റ് തുടങ്ങിയ ക്വാറി ഉത്പന്നങ്ങൾ കൂത്താട്ടുകുളത്തു നിന്നാണ് ജില്ലയിലേക്ക് എത്തിക്കുന്നത്. കഞ്ഞിക്കുഴി, ഏറ്റുമാനൂർ, ഗാന്ധിനഗർ, കുമാരനല്ലൂർ, ചെങ്ങളം തുടങ്ങിയ യാർഡുകളിലേക്കാണ് ഇവയെത്തിക്കുന്നത്. പല വാഹനങ്ങളും കൂത്താട്ടുകുളത്തെ ക്വാറിയിലേക്ക് എത്തിച്ചേരില്ല. അതിനാൽ യാർഡിൽ നിന്ന് ലോഡ് എടുക്കുന്നത് ഇരട്ടി ചെലവിനും ഇടയാക്കുന്നു. തോന്നുംപടിയാണ് ചാർജ് ഈടാക്കുന്നത്. വേദഗിരി, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നാണ് വെട്ടുകല്ല് എടുക്കുന്നത്. പാറപ്പൊടി ഉപയോഗം കുറയുകയും ഹോളോബ്രിക്‌സ് കട്ടയിൽ നിന്ന് ഭൂരിഭാഗം പേരും സോളിഡ് കട്ടയിലേക്ക് മാറുകയും ചെയ്തു.

ഭവന നിർമ്മാണം കടുപ്പമാകും.

കൊവിഡിന് മുമ്പ് കമ്പിയുടെ വില 55 രൂപ വരെയേ ഉണ്ടായിരുന്നുള്ളൂ. ചെറുകിട നിർമ്മാണ മേഖലയും, കരാറിൽ ഏർപ്പെട്ട് നിർമ്മാണങ്ങൾ നടത്തുന്ന കോൺട്രാക്ടർമാരുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നതും ഇന്ധനവില വർദ്ധനവുമാണ് വില വർദ്ധിക്കാൻ കാരണം.

അനുമതി ഫീസ് വർദ്ധന

നിർമ്മാണ അനുമതി ഫീസിൽ 10 ഇരട്ടി മുതൽ 20 ഇരട്ടി വരെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. 876 സ്‌ക്വയർഫീറ്റ് മുതൽ 1600 സ്‌ക്വയർ ഫീറ്റ് വരെയുള്ള വീടുകളുടെ ഫീസ് 800 രൂപയിൽ നിന്ന് 5600 ആയി. 150 എം സ്ക്വയർ 1500 രൂപയുണ്ടായിരുന്നത് 10500 ആയി. 300 എം സ്ക്വയർ 3000 രൂപയിൽ നിന്ന് 36000 ആയി.

പൊള്ളുന്ന വില.

സോൾഡ് സിമന്റ് കട്ട (എട്ട് ഇഞ്ച് 42 രൂപ, 6 ഇഞ്ച് 39, 4 ഇഞ്ച് 36)

എം സാന്റ് (65), പി.സാന്റ് (69), കമ്പി 75)

പാറപ്പൊടി 55, ചുടുകട്ട (12)

മെറ്റൽ (56), വെട്ടുകല്ല് (38)

മലബാർ സിമന്റ് (400-410)

ലെൻസ്‌ ഫെഡ് ജില്ലാ പ്രസിഡന്റ് കെ സന്തോഷ് കുമാർ പറയുന്നു.

മുൻപ് 2050 രൂപയ്ക്ക് ചെയ്തിരുന്ന വർക്ക് ഇപ്പോൾ 2400 സ്‌ക്വയർ ഫീറ്റെങ്കിലും പണിതാൽ മാത്രമേ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ. അമിതമായ വില വർദ്ധനവും അശാസ്ത്രീയമായ വർദ്ധനവും പുനപരിശോധിക്കണം. റോയൽറ്റി വർദ്ധനവിലൂടെ ക്വാറി ഉത്പന്നങ്ങളുടെ വിലയും വർദ്ധിക്കുന്നു. നിർമ്മാണ മേഖലയെ സംരക്ഷിക്കുന്നതിന് പകരം ശ്വാസം മുട്ടിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം.