യാത്രക്കാർക്കും പോളക്കുരുക്ക്.

Wednesday 05 April 2023 12:08 AM IST

കോട്ടയം . ബോട്ടിന് മാത്രമല്ല, യാത്രക്കാരുടെ ജീവനും ഭീഷണിയാകുകയാണ് കൊടൂരാറ്റിൽ തിങ്ങിനിറഞ്ഞ് കിടക്കുന്ന പോള. കോടിമത ജെട്ടിയിൽ ബോട്ട് അടുപ്പിക്കാൻ സാധിക്കാത്തതിനാൽ ഇടിഞ്ഞു വീഴാറായ തിട്ടയ്ക്ക് സമീപമാണ് ഇപ്പോൾ നിറുത്തുന്നത്. ശ്രദ്ധിച്ച് ഇറങ്ങുകയും, കയറുകയും ചെയ്തില്ലെങ്കിൽ യാത്രക്കാർ ആറ്റിൽ വീഴുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ബോട്ടിൽ നിന്ന് ഇറങ്ങിയ യാത്രക്കാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സ്ത്രീകളും പ്രായമായവരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. രണ്ടുമാസം മുമ്പ് ആരംഭിച്ച പോള ശല്യം യാത്രക്കാരുടെ ജീവന് ഭീഷണിയായിട്ടും അധികൃതർക്ക് അനക്കമില്ല. ഏറെപ്പേർ ആശ്രയിക്കുന്ന കോട്ടയം, ആലപ്പുഴ ബോട്ട് സർവീസിനാണ് പോള വില്ലനായിരിക്കുന്നത്. ടൂറിസം സീസണായിട്ടും പോള ശല്യം കാരണം വേണ്ടത്ര യാത്രക്കാരില്ലാതെ പ്രതിസന്ധിയിലാണ് സർവീസ്. പ്രൊപ്പല്ലറിൽ പോള കുരുങ്ങി ബോട്ടുകൾക്ക് തകരാർ സംഭവിക്കുന്നതും തുടർക്കഥയാണ്. സാധാരണ ആലപ്പുഴ ബോട്ട് യാത്രയ്ക്ക് രണ്ട് മണിക്കൂർ മതിയെങ്കിൽ ഇപ്പോൾ ഏറെ വൈകിയാണ് എത്തുന്നത്.

പദ്ധതികൾ പരണത്ത്

പോള വാരി നീക്കാൻ നിരവധി പദ്ധതികൾ ജില്ലാ പഞ്ചായത്തും നഗരസഭയും പ്രഖ്യാപിക്കാറുണ്ടെങ്കിലും നടപ്പിലാകാറില്ല. കുളവാഴ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാൻ കുടുംബശ്രീ മുൻകൈയെടുത്തുള്ള പദ്ധതി പുതിയ നഗരസഭാ ബഡ്ജറ്റിലും ഇടംപിടിച്ചിട്ടുണ്ട്. മത്സ്യബന്ധനങ്ങൾക്കും പോള വില്ലനായി. പോള ചീഞ്ഞളിഞ്ഞ് കൊടൂരാറ്റിലെ ജലം മലിനമായതോടെ പ്രദേശവാസികളും ദുരിതത്തിലാണ്.