വേമ്പനാട്, അഷ്ടമുടി കായലുകളിൽ മലിനീകരണം രൂക്ഷം കേരളത്തിന് 10 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ.

Wednesday 05 April 2023 12:19 AM IST

കോട്ടയം . ബ്രഹ്മപുരം മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട കൊച്ചി കോർപ്പറേഷന് നൂറ് കോടി പിഴയിട്ടതിന് പിറകെ രാജ്യാന്തര പ്രധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിൽപ്പെടുന്ന വേമ്പനാട്, അഷ്ടമുടി കായലുകൾ സംരക്ഷിക്കുന്നതിലെ വീഴ്ചയ്ക്ക് സംസ്ഥാന സർക്കാരിന് 10 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. 2002 ലാണ് വേമ്പനാട്, അഷ്ടമുടി കായലുകളെ ലോകത്ത് സംരക്ഷിക്കപ്പെടേണ്ട തണ്ണീർത്തടങ്ങളുടെ പട്ടികയിൽ (റാംസർസൈറ്റ്) ഉൾപ്പെടുത്തിയത്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും പരിസ്ഥിതി സംരക്ഷണം, ആരോഗ്യസംരക്ഷണ കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കുന്നതിൽ കേരളം പരാജയപ്പെട്ടതിനാണ് എൻ ജി ടി പ്രിൻസിപ്പൽ ബെഞ്ചിന്റെ പിഴ. തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പുവരുത്തണം. കൂടാതെ ശുചീകരണത്തിനുള്ള കർമപദ്ധതി തയ്യാറാക്കി ആറുമാസത്തിനുള്ളിൽ നടപ്പാക്കണം. ഇക്കാലയളവിനുള്ളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് പിഴ ഈടാക്കണമെന്നാണ് നിർദ്ദേശം.

മങ്കൊമ്പ് സ്വദേശി കെ വി കൃഷ്ണദാസിന്റെ പരാതിയിൽ ജസ്റ്റിസ് ആദർശ്കുമാർ ചെയർമാനായുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കൃഷ്ണദാസ് നൽകിയ ഹർജി പരിഗണിച്ച സുപ്രീംകോടതി 2022 ഫെബ്രുവരി 28 ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഹൗസ് ബോട്ടുകൾ ഫ്ലാറ്റുകൾ, ഹോട്ടലുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നോട്ടീസ് നൽകിയെന്ന അഴകൊഴമ്പൻ മറുപടിയാണ് സർക്കാർ നൽകിയത്. തുടർന്നാണ് മലിനീകരണം ഒഴിവാക്കാൻ സ്വീകരിച്ച നടപടി സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് ട്രൈബ്യൂണൽ നിർദ്ദേശം നൽകിയത്. തണ്ണീർത്തടം മലിനമായെന്ന് അംഗീകരിച്ച് 2022 ആഗസ്റ്റിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ട്രൈബ്യൂണലിന് നൽകിയ റിപ്പോർട്ടിന്മേലാണ് സർക്കാരിന് പിഴചുമത്തിയത്.

കോളിഫോം ബാക്ടീരിയ സാന്നിദ്ധ്യം കൂടുതൽ

നിരവധി സസ്യജന്തുജാലങ്ങളുടെയും ദേശാടന പക്ഷികളുടെയും ആവാസവ്യവസ്ഥയായ തണ്ണീർത്തടങ്ങൾ അഴുക്കുചാലുകളായി മാറി.

100 മില്ലിലിറ്റർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ എണ്ണം അഞ്ഞൂറിൽ താഴെയാകേണ്ടിടത്ത് 2500 ലധികമാണ് ഇരുകായലുകളിലും കണ്ടെത്തിയത്.

''

21 വർഷം മുമ്പാണ് ഇരുകായലുകളും സംരക്ഷിക്കപ്പെടേണ്ട അന്താരാഷ്ട്ര തണ്ണീർത്തടങ്ങളെന്ന റാംസർ ഉടമ്പടിയിൽ കേന്ദ്ര സർക്കാർ ഒപ്പിട്ടത്. സുപ്രീംകോടതി നിർദ്ദേശം വന്നിട്ടും ഒന്നുംചെയ്യാതിരുന്ന സംസ്ഥാന സർക്കാരും ഒരുപോലെ ഉത്തരവാദികളാണ്.

ഡോകെ.ജി പത്മകുമാർ (കായൽ ഗവേഷകൻ)