സിക്കിമിലെ നാഥുലാ ചുരത്തിൽ മഞ്ഞിടിച്ചിൽ; ഏഴ് പേർ മരിച്ചു, നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

Tuesday 04 April 2023 5:38 PM IST

ഗ്യാംഗ്ടോക്ക്: സിക്കിമിലെ നാഥുല ചുരത്തിലുണ്ടായ ഹിമപാതത്തിൽ ഏഴ് വിനോദസഞ്ചാരികൾ മരിച്ചു. 11പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ ഉണ്ടായിരുന്ന വിനോദസഞ്ചാരികളാരാണെന്ന് വ്യക്തമല്ല. സിക്കിം തലസ്ഥാനമായ ഗ്യാംഗ്ടോക്കിൽ നിന്നും നാഥുലയിലേയ്ക്കുള്ള വഴിയിൽ ജവഹർലാൽ റോഡിലെ പതിനാലാം മെെലിലാണ് മഞ്ഞുമല ഇടിഞ്ഞത്. ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ദുരന്തം നടന്ന സമയത്ത് ഇവിടെ 150ഓളം വിനോദസഞ്ചാരികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ 22പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

സിക്കിം പൊലീസിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പതിമൂന്നാം മൈല്‍ വരെ പോകുന്നതിന് മാത്രമാണ് പാസ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ സഞ്ചാരികളില്‍ പലരും ഈ പരിധി കടന്ന് പോയിട്ടുണ്ടെന്ന് പൊലീസ് അറിയിക്കുന്നത്.