നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു.

Wednesday 05 April 2023 12:44 AM IST

കോട്ടയം . ചങ്ങനാശ്ശേരി നഗരസഭ മുപ്പതാം വാർഡിൽ ചങ്ങനാശേരി മാർക്കറ്റിലെ പ്രമുഖകടയുടെ ഗോഡൗണിൽനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 890 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. പിടിച്ചെടുത്ത പ്ലാസ്റ്റിക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറി നടപടി എടുക്കുന്നതിനായി നോട്ടീസ് നൽകി. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും നിരോധിത പ്ലാസ്റ്റിക്കിന്റെ അനധികൃത വില്പനയും ഉപയോഗവും തടയുന്നതിനുമായാണ് എൻഫോഴ്‌സ്‌മെന്റ് ടീം പ്രവർത്തിക്കുന്നത്. ടീമിൽ ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ്, പൊലീസ്, നഗരസഭ പ്രതിനിധികളാണുണ്ടായിരുന്നത്.