ദേവ് മോഹൻ ഇനി രശ്മികയുടെ നായകൻ

Wednesday 05 April 2023 2:31 AM IST

ശാകുന്തളത്തിൽ സാമന്തയുടെ നായകനായി വേഷമിട്ട ദേവ് മോഹൻ ഇനി രശ്മിക മന്ദാനയോടൊപ്പം. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന റെയിൻബോ എന്ന ചിത്രത്തിൽ രശ്മിക ആണ് ദേവ്‌മോഹന്റെ നായിക. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് ആണ് നിർമ്മാണം.

ശാന്ത്രുബൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നിർമ്മാതാവ് എസ്.ആർ. പ്രഭു, താരങ്ങൾ മറ്റു അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്നു. പ്രമുഖ തെലുങ്ക് നിർമ്മാതാവ് അല്ലു അരവിന്ദ് ചടങ്ങിൽ മുഖ്യാതിഥിയായി. രാധേശ്യാം, ഡിയർ കോമ്രേഡ്, പന്നയക്കാരും പദ്‌മിനിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ പ്രഭാകറാണ് സംഗീത സംവിധാനം.പി.ആർ. ഒ ശബരി.

അതേസമയം അല്ലു അർജുന്റെ പുഷ്പ ദ് റൂൾ, രൺബീർ കപൂറിന്റെ അനിമൽ എന്നിവയാണ് രശ്മികയുടേതായി ഒരുങ്ങുന്ന ചിത്രങ്ങൾ. സൂഫിയും സുജാതയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദേവ് മോഹൻ മലയാളത്തിൽ പുതിയചിത്രത്തിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്.