ലൊക്കേഷനിൽ നിന്ന് ഷെയ്ൻ ഇറങ്ങിപ്പോയെന്ന് വാർത്തകൾ
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് എന്ന ചിത്രത്തിന്റെ സെറ്റിൽനിന്ന് ഷെയ്ൻ നിഗം ഇറങ്ങിപ്പോയി എന്ന വാർത്തകൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെ പ്രശ്നം പരിഹരിച്ചെന്ന് അറിയിച്ച് അണിയറ പ്രവർത്തകർ.
മുതിർന്ന താരങ്ങളായ ലാൽ, ബാബു ആന്റണി, ബൈജു സന്തോഷ് തുടങ്ങിയവരുള്ള സെറ്റിൽനിന്ന് ഷെയ്ൻ അർദ്ധരാത്രി ഇറങ്ങിപ്പോയതുകാരണം ഷൂട്ടിംഗ് മുടങ്ങിയെന്നാണ് പ്രമുഖ സിനിമ ഗ്രൂപ്പുകളിൽ പോസ്റ്റുകൾ എത്തിയത്. തനിക്ക് മറ്റുതാരങ്ങളേക്കാൾ പ്രാധാന്യം നൽകണമെന്ന ഷെയ്നിന്റെ പിടിവാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പ്രചരിച്ച ട്വീറ്റുകളിൽ പറഞ്ഞിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളോട് ഷെയ്ൻ പ്രതികരിച്ചത് ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ നടന്ന പ്രശ്നങ്ങൾ അണിയറ പ്രവർത്തകരും അസോസിയേഷനും ഇടപെട്ട് പരിഹരിച്ചെന്നും ചിത്രത്തിന്റെ ചിത്രീകരണം ഏഴുദിവസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. അതേസമയം ചിത്രത്തിലെ മറ്റൊരു നായകനായ ആന്റണി വർഗീസ് പങ്കുവച്ച നോ ഡ്രാമ പ്ളീസ് എന്ന കുറിപ്പ് വൈറലാകുകയും ചെയ്തു. യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കുന്നവർക്ക് സമർപ്പിക്കുന്നുവെന്നായിരുന്നു തലക്കെട്ട്. ഷെയ്ൻ സംഭവുമായി ബന്ധപ്പെട്ടാണ് കുറിപ്പ് എന്നും പ്രചാരണമുണ്ടായി.
മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ആർ.ഡി.എക്സ് എന്ന ചിത്രം പറയുന്നത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.