ഹംദാൻ ദുബായ് കിരീടാവകാശിയുടെ പേര് ആദ്യ കൺമണിക്ക് നൽകി ഷംന
മലയാളത്തിന്റെ പ്രിയ താരം ഷംന കാസിം അമ്മയായി. ദുബായിലെ ആശുപത്രിയിൽ ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഷംനയും ജെബിഎസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹം. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. 24 വർഷത്തെ യു.എ.ഇ ജീവിതത്തിന്റെ ആദരവിന്റെ ഭാഗമായി ദുബായ് കിരീടാവകാശിയുടെ പേര് (ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് മക്തൂം) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു. ഷംന ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം ശ്രദ്ധേയമാകുന്നത്. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004 ൽ വെള്ളിത്തിരയിൽ അരങ്ങേറ്റം. അന്യഭാഷകളിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ സജീവമാണ് താരം. നാനി നായകനായ ദസറയിൽ ആണ് അവസാനം അഭിനയിച്ചത്.