വാതിൽ തുറക്കാനൊരുങ്ങി ഡിസൈനർ മൃഗശാല
ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയുമായ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് ഈ വർഷം അവസാനത്തോടെ പ്രവർത്തനസജ്ജമാവും. ഈ മാസം 25 നുള്ളിൽ തിരുവനന്തപുരത്ത് നിന്ന് രണ്ട് കടുവകളെ എത്തിക്കുന്നതോടെ പാർക്ക് തുറക്കുന്നതിന്റെ ആദ്യപടിയിലേക്ക് കടക്കും. മൂന്ന് പതിറ്റാണ്ടോളമായി കേരളത്തിന്റെ തന്നെ സ്വപ്നപദ്ധതിയായിരുന്ന പാർക്ക് വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവാകും.
നിലവിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. മേയ് പകുതിയോടെ ബയോഡൈവേഴ്‌സിറ്റി പാർക്ക് കൂടി പൂർത്തീകരിക്കും. സിംഹം, പുലി, കടുവ, സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ ഉഭയജീവികൾ ഉൾപ്പെടെ 64 ഇനങ്ങളിലായി 511 ജീവികളെയും അപൂർവയിനം പക്ഷിമൃഗാദികളെയും തൃശൂർ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിക്കുന്നുണ്ട്. സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗശാലയിൽ നിന്നും എത്തിക്കും.
306 കോടി രൂപയുടെ പദ്ധതിയിൽ 269 കോടി രൂപ കിഫ്ബിയുടെ ധനസഹായമാണ്. വനത്തിന്റെ സ്വാഭാവികത നിലനിറുത്തിക്കൊണ്ട് 24 ഓളം ആവാസ ഇടങ്ങളിൽ എട്ട് ആവാസ വ്യവസ്ഥകളാണ് നിർമ്മിച്ചിരിക്കുന്നത്. പ്രതിവർഷം 30 ലക്ഷം പേർ പാർക്കിൽ വന്നുപോകുമെന്നാണ് കരുതുന്നത്. നെയ്യാറിൽ നിന്നും രണ്ട് കടുവകളെ അടുത്ത ആഴ്ചയോടെ പാർക്കിലെത്തിക്കും. സീബ്ര, ജിറാഫ്, ആഫ്രിക്കൻ മാനുകൾ, അനാക്കോണ്ട എന്നിവയെ വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിക്കും. ഏജൻസികൾ മുഖാന്തരം രണ്ടുതരം കരടികളെയും എത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ജൂലായ് മുതൽ മൃഗങ്ങളെ മാറ്റുന്ന പ്രക്രിയ തുടങ്ങും. ഒക്ടോബർ മാസത്തോടെ പൂർത്തീകരിക്കും. പ്രശസ്ത ഓസ്‌ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ഡിസൈൻ ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്.
സ്വാഭാവിക ആവാസസ്ഥാനങ്ങൾ ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നതിനാലാണ് ഡിസെെനർ മൃഗശാല എന്നറിയപ്പെടുന്നത്. വിദേശഡിസൈനറുടെ സഹായത്തോടെ നിർമ്മിക്കുന്നതും ആദ്യം.
മുൻകാലങ്ങളിൽ മൃഗശാല തുറന്നുകൊടുക്കാറുളളത് കുറച്ച് മൃഗങ്ങളെയെത്തിച്ച ശേഷമാണ്. പിന്നീട് കൂടുതൽ മൃഗങ്ങളെ എത്തിച്ച് വിപുലീകരിക്കുകയായിരുന്നു. എന്നാൽ പുത്തൂർ മൃഗശാല എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായ ശേഷം മാത്രമേ തുറന്നുകൊടുക്കൂ എന്നാണ് വിവരം.
നാടിനെ വിറപ്പിച്ച
കടുവകൾ ആദ്യമെത്തും
350 ഏക്കറിൽ സ്ഥിതി ചെയ്യുന്ന പാർക്കിൽ ആദ്യമെത്തുന്നത് കടുവകളാണ്. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നാടിനെ വിറപ്പിച്ച് പിടിയിലായ പെൺകടുവകളായ വൈഗയും ദുർഗയുമാണ് പുത്തൂരിലെത്തുന്നത്. ഇവയെ രണ്ടുമാസത്തോളം സുവോളജിക്കൽ പാർക്കിനോട് അനുബന്ധിച്ചുളള ചന്ദനക്കുന്നിലെ ഒരു ഹെക്ടർ സ്ഥലത്തുളള ഐസൊലേഷൻ കേന്ദ്രത്തിലാക്കും. പാർക്കുമായി ഇണങ്ങിച്ചേരാനാണിത്. കടുത്ത ചൂടായതിനാൽ എയർ കൂളറും പെഡസ്റ്റൽ ഫാനും ചെറിയ കുളങ്ങളും ഐസ് കഷണങ്ങളും സജ്ജമാക്കി കൊടുക്കും. ഹോസ് ഉപയോഗിച്ച് ജലസമൃദ്ധമാക്കും. ജനങ്ങളെ അവിടേയ്ക്ക് കടത്തിവിടില്ല. കടുവകളെ വേർതിരിച്ചറിയാനുള്ള മൈക്രോ ചിപ്പ് ഘടിപ്പിക്കും. ഐസൊലേഷൻ സമയത്ത് പരിശോധന നടത്തി ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഉറപ്പാക്കും. കടുവകൾക്ക് ചികിത്സ ഉറപ്പാക്കാനായി ഡോ. ആർ. രാജിനെ നിയോഗിച്ചിട്ടുണ്ട്. രണ്ട് സൂപ്പർവൈസർമാരും പതിനഞ്ചോളം മറ്റ് ജീവനക്കാരുമുണ്ടാകും.
തിരുവനന്തപുരം നെയ്യാർ സിംഹസഫാരി പാർക്കിലെ പരിപാലന കാലം പിന്നിട്ടാണ് കടുവകളെത്തുന്നത്. നെയ്യാർ ഡാം സിംഹസഫാരി പാർക്കിൽ സിംഹങ്ങളുടെ കൂട്ടിൽ പാർപ്പിച്ചു ഭക്ഷണവും മരുന്നും നൽകിയാണ് കടുവകളെ പരിപാലിച്ചിരുന്നത്. നെയ്യാർ സഫാരി പാർക്കിലെ കൂടുകൾ കടുവകൾക്കു അത്ര അനുയോജ്യമല്ലാത്തതിനാൽ താത്‌കാലിക ഷെൽറ്റർ എന്ന നിലയിലാണ് കടുവകളെയും പുലിയെയും പാർപ്പിക്കുന്നത്. ആരോഗ്യം മെച്ചപ്പെടുന്നതോടെ മൃഗങ്ങളെ ആവാസ വ്യവസ്ഥയിലേയ്ക്കു തുറന്നു വിടുകയാണ് ചെയ്യാറുളളത്.
ജനവാസ മേഖലകളിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ കൊന്ന കടുവകൾ മനുഷ്യജീവനു ഭീഷണി ആയതോടെയാണ് കെണിയൊരുക്കി രണ്ട് കടുവകളേയും പിടികൂടിയത്. നെയ്യാർ പാർക്കിൽ എത്തിച്ചതിനു പിന്നാലെ വൈഗ പുറത്തു ചാടിയിരുന്നു. ഉടൻ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു.
സുൽത്താൻ ബത്തേരി തേലമ്പറ്റയിൽ ഇറങ്ങിയ ദുർഗയെ പിടികൂടി 2019 ജനുവരി 17നാണ് നെയ്യാർ ഡാമിൽ എത്തിച്ചത്. പല്ലുകൾ കൊഴിഞ്ഞ കടുവയെ വനത്തിലേക്കു വിട്ടാൽ വേട്ടയാടി ആഹാരം കഴിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡാമിലെ കൂട്ടിൽ പാർപ്പിച്ചത്. വയനാട് ചെതലത്തു റേഞ്ചിലെ ആനപ്പന്തിയിൽ നിന്ന് പിടിച്ച വൈഗയെ 2020 ഒക്ടോബർ 29നാണ് ഡാമിൽ എത്തിച്ചത്. അന്ന് ജനങ്ങളെ വിറപ്പിച്ചവരാണെങ്കിലും ഇരുവരും പാർക്കിന്റെ ശ്രദ്ധാകേന്ദ്രങ്ങളാകുമെന്നാണ് പ്രതീക്ഷ. കടുവകളെ കൊണ്ടുവരുന്നതിന് മുന്നോടിയായി പാർക്കിലെ മണ്ണിൽ പ്രത്യേക പരിശോധന നടത്തിയിരുന്നു.
'തൃശൂർക്കാർ'ക്ക്
ഐസൊലേഷനില്ല
തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ ജൂലായ് മുതൽ എത്തിച്ചേക്കും. മൃഗശാലയിൽ കഴിയുന്ന മൃഗങ്ങൾക്ക് ഐസൊലേഷൻ വേണ്ടിവരില്ല. പകർച്ചവ്യാധികളോ മറ്റോ ഉണ്ടെങ്കിൽ മാത്രമാണ് ഐസൊലേഷൻ വേണ്ടിവരുന്നത്. ഒക്ടോബർ മാസത്തോടെ മൃഗങ്ങളെ കൊണ്ടുവരുന്നത് പൂർത്തീകരിക്കും. ഇൻവെർട്ടർ, സി.സി.ടി.വി. കാമറകൾ തുടങ്ങിയവ സ്ഥാപിക്കാനുള്ള ജോലികളാണ് ഇനി ബാക്കിയുള്ളത്. കടുവകളെ പാർപ്പിക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. പാർക്കിൽ കടുവകളെ പാർപ്പിക്കാനുളള സ്ഥലത്ത് കുറച്ച് മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളതെന്ന് പുത്തൂർ പാർക്ക് പ്രൊജക്ട് എ.സി.എഫ് നിബു കിരൺ പറഞ്ഞു.
മൃഗങ്ങളെ വീക്ഷിക്കാൻ ഗാലറി, വെറ്ററിനറി ആശുപത്രി സമുച്ചയം, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, സർവീസ് റോഡുകൾ, ട്രാം റോഡുകൾ-സ്റ്റേഷനുകൾ, കഫറ്റീരിയ, ക്വാർട്ടേഴ്‌സുകൾ തുടങ്ങിയവയെല്ലാം ഒരുക്കിക്കഴിഞ്ഞു. മുഴുവൻ ജീവികളേയും പുത്തൂരിലേക്ക് മാറ്റുന്നതോടെ തൃശൂർ മൃഗശാല മ്യൂസിയവും പാർക്കുമെല്ലാമായി മാറും. നഗരമദ്ധ്യത്തിൽ 13 ഏക്കറിലായി 1885ലാണ് സ്ഥാപിതമായത്. 64 ഇനങ്ങളിലായി 511 ജീവികളുണ്ട്. സ്ഥലപരിമിതി വലിയ പ്രതിസന്ധിയായിരുന്നു. അതുകൊണ്ടു തന്നെ വർഷങ്ങളായി പുതിയ ജീവികളെ എത്തിക്കാറില്ല.