കുരുവിൻമുകൾ സംഘർഷം: ആറുപേർക്ക് പരിക്ക് ആരെയും പിടികൂടിയില്ല

Wednesday 05 April 2023 1:09 AM IST

മലയിൻകീഴ്: ഡി.വൈ.എഫ്‌.ഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി മാതാവിനെയും സഹോദരനെയും ഉൾപ്പെടെ മൂന്നു പേരെ വെട്ടിപ്പരക്കേൽപിച്ച സംഭവത്തിൽ 5 പേർക്കെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു. ന്യൂഇയർ ആഘോഷത്തോടനുബന്ധിച്ച് നടന്ന വാക്കുതർക്കങ്ങളുടെ തുടർച്ചയാണ് അക്രമണമെന്നാണ് വിവരം. ഡി.വൈ.എഫ്‌.ഐ കുരുവിൻമുകൾ യൂണിറ്റ് പ്രസിഡന്റ് മലയിൻകീഴ് കുരുവിൻമുകൾ ലക്ഷം വീട് കോളനിയിൽ വിശാഖിന്റെ വീട്ടിൽ മാരകായുധങ്ങളുമായി എത്തിയ സംഘം അതിക്രമിച്ചു കയറിയത്. വിശാഖിന്റെ മാതാവ് സുധ (59), സഹോദരൻ വിഷ്ണു (38), വിഷ്ണുവിന്റെ ഭാര്യ റാണി (32) എന്നിവർക്കാണ് പരിക്കേറ്റത്. വിഷ്ണുവിന്റെ നടുവിലും കൈയ്‌ക്കും വെട്ടേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വിശാഖും വിഷ്ണുവിന്റെ മകളും ഉൾപ്പെടെ 5 പേരാണ് വീട്ടിലുണ്ടായിരുന്നത്. വിശാഖിനെ ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. അക്രമി സംഘം വീട്ടു സാധനങ്ങളും നശിപ്പിച്ചു. റോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. തുടർന്ന് റോയിയ്ക്കും 4 സുഹൃത്തുക്കൾക്കും എതിരെ കേസെടുത്തു. ഇതിന് പിന്നാലെ വിഷ്ണുവിന്റെ സംഘം റോയിയുടെ വീടിന് നേരെ ആക്രമണം നടത്തി. ടിവിയും വീട്ടുപകരണങ്ങളും അടിച്ചു തകർത്തു.ചെറുക്കാൻ ശ്രമിച്ച റോയിയുടെ കൈ തല്ലിയൊടിച്ചു. മാതാവിനും ഗർഭിണിയായ ഭാര്യയ്ക്കും മർദ്ദനമേറ്റു. ഇവർ‌ മൂന്നു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.റോയിയുടെ വീടിനു നേരെ ആക്രമണം നടത്തിയതിന് ഡി.വൈ.എഫ്‌.ഐ നേതാവ് വിശാഖിനെ സ്റ്റേഷനിൽ കൊണ്ടു വന്നെങ്കിലും രാത്രിയോടെ വിട്ടയച്ചു.