ഗജറാണിമാർ നിരന്നു, കൊടുങ്ങൂരിൽ ചരിത്രം പിറന്നു പെൺപൂരം പൊടിപൂരം

Wednesday 05 April 2023 1:35 AM IST

കൊടുങ്ങൂർ: മേളം കൊട്ടിക്കയറി, തലയാട്ടി നടയമരങ്ങൾ ഊന്നി അവർ വരിവരിയായി പുരുഷാരത്തിന് നടുവിലേക്ക്. ക്ഷേത്ര ഗോപുരം കടന്നെത്തിയ ഗജറാണിമാർക്കൊപ്പം കൊടൂങ്ങൂർ മേജർ ദേവീക്ഷേത്രവും ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു. ഗജറാണിമാരെ കണ്ട് കൊടുങ്ങൂർ ആർപ്പുവിളിച്ചു. പെൺപൂരം നാടിന് പൊടിപൂരമായി. അഴകളവുകൾ മാറ്റുരച്ചപ്പോൾ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മിക്ക് പ്രഥമ തൃക്കൊടുങ്ങൂർ മഹേശ്വരി പ്രിയ ഇഭകുലസുന്ദരി പട്ടം. സ്ത്രീമുന്നേറ്റത്തിന്റെ കാലത്ത് ഒൻപത് പിടിയാനകളെ അണിനിരത്തി നടത്തിയ കൊടൂങ്ങൂർ മേജർ ദേവീക്ഷേത്രത്തിലെ പെൺപൂരവും ഗജമേളയും ചരിത്രമായി.

അഴകിൽ പേരുകേട്ട പിടിയാനകളെയാണ് പൂരത്തിന് അണിനിരത്തിയത്. പിടിയാനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ജില്ലയിലെ അപൂർവ ക്ഷേത്രമാണിത്. കഴിഞ്ഞവർഷം വരെ ഒരുപിടിയാന മാത്രമായിരുന്നെങ്കിൽ ഇക്കുറി 9 പിടിയാനകളെ എഴുന്നള്ളിക്കുകയായിരുന്നു.

8 ദേശങ്ങളിൽ എത്തിയ കാവടി ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു ഗജമേള. തോട്ടയ്ക്കാട് പാഞ്ചാലി,തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, പ്ലാത്തോട്ടം മീര, ഉള്ളൂർ വേപ്പിന്മൂട് ഇന്ദിര, ഗുരുവായൂർ ദേവി, കുമാരനെലൂർ പുഷ്പ, വേണാട്ടുമറ്റം കല്യാണി, കിഴക്കേടത്തുമന ദേവി ശ്രീപാർവതി എന്നീ ഗജറാണിമാരാണ് കൊടുങ്ങൂരിന്റെ മനംകവർന്നത്. ഒപ്പം ശൈലേഷ് വൈക്കത്തിന്റെ വിവരണ മാസ്മരികത ആനക്കമ്പക്കാർക്ക് ആവേശമായി.

തോട്ടയ്ക്കാട് പാഞ്ചാലി ആറാട്ടിന് തിടമ്പേറ്റി. പ്ലാത്തോട്ടം ബീന വിധി കർത്താക്കളുടെ പ്രത്യേക പരാമർശം നേടി. ക്ഷേത്രം നടപന്തലിൽ തന്ത്രി പെരിഞ്ഞേരിമന നന്ദനൻ നമ്പൂതിരി പട്ട സമർപ്പണം നടത്തി. ശ്രീകുമാർ അരൂകുറ്റി, ശൈലേഷ് വൈക്കം, അഡ്വ രാജേഷ് പല്ലാട്ട് അടങ്ങുന്ന വിദഗ്ദ്ധസംഘമാണ് വിജയികളെ തിരഞ്ഞെടുത്തത്. ഗജമേളയ്ക്ക് ശേഷം ആന ഊട്ടും നടന്നു.കൊടിയിറക്കത്തോടെ 10 ദിവസം നീണ്ടുനിന്ന ഉത്സവം സമാപിച്ചു.