ശമ്പളം വെെകുന്നതിൽ പ്രതിഷേധിച്ച് കാർഷിക സർവകലാശാലയിൽ സമരം
തൃശൂർ: മാർച്ച് മാസത്തെ ശമ്പളം വൈകുന്നതിനെതിരെ വിവിധ തൊഴിലാളി സംഘടനകൾ കാർഷിക സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു. ലേബർ അസോസിയേഷൻ, എംപ്‌ളോയീസ് ഫെഡറേഷൻ, ടീച്ചേഴ്‌സ് അസോസിയേഷൻ, എംപ്‌ളോയീസ് യൂണിയൻ, ടീച്ചേഴ്‌സ് ഓർഗനൈസേഷൻ, എംപ്ലോയീസ് അസോസിയേഷൻ, ഫാം വർക്കേഴ്‌സ് യൂണിയൻ തുടങ്ങിയവയാണ് പ്രതിഷേധിച്ചത്.
ശമ്പളവും പെൻഷനും ഉടൻ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐ-കോൺഗ്രസ് അനുകൂല സംഘടനകളുടെ സമരം. 40,000 കോടി രൂപ നിഷേധിക്കുന്ന കേന്ദ്രസർക്കാരിനെതിരെയും സർവകലാശാലയ്ക്ക് അർഹമായ ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ, എംപ്ലോയീസ് അസോസിയേഷൻ, ഫാം വർക്കേഴ്‌സ് യൂണിയൻ, പെൻഷണേഴ്‌സ് ഫോറം തുടങ്ങിയവ സമരം നടത്തിയത്. ഡി.എ, ഡി.ആർ, യു.ജി.സി ശമ്പളകുടിശിക, പെൻഷൻ റിവിഷൻ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സി.പി.എം അനുകൂല സംഘടനകളുടെ പ്രതിഷധ യോഗം ജില്ലാ പഞ്ചായത്തംഗം പി.എസ്.വിനയൻ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ.പി.കെ.സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെ.ആർ.പ്രദീഷ്, ഫാം വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി.ആർ.സുരേഷ്ബാബു, പെൻഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റിയംഗം വി.എസ്.സത്യശീലൻ, ജനറൽ കൗൺസിൽ അംഗം സിന്ധു കെ.ജി തുടങ്ങിയവർ പങ്കെടുത്തു.