ചേപ്പനത്ത് ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി

Wednesday 05 April 2023 1:52 AM IST

കൊച്ചി: സാമ്പത്തിക ഞെരുക്കം, കുടുംബപ്രശ്നം എന്നിവയാൽ വിഷമത്തിലായ അറുപത്തഞ്ചുകാരൻ ഭാര്യയെയും മാനസികാസ്വാസ്ഥ്യമുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ചേപ്പനം വാട്ടർടാങ്ക് ജംഗ്ഷന് സമീപം രാഘവപറമ്പത്ത് വീട്ടിൽ മണിയനാണ് ഭാര്യ സരോജിനിയുടെയും (58), മകൻ മനോജിന്റെയും (36) ജീവനെടുത്ത ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് ശേഷമാണ് സംഭവം.

സരോജിനിയുടെയും മനോജിന്റെയും കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. സിമന്റ് കട്ടയ്ക്ക് തലയ്ക്കടിച്ചതിന്റെ സൂചനകളുമുണ്ട്. ചോരവാർന്നാണ് ഇരുവരുടെയും മരണമെന്നാണ് സൂചന. രാവിലെ പാൽ വാങ്ങി മടങ്ങുകയായിരുന്ന അയൽവാസിയും ബന്ധുവുമായ ഇന്ദിര അസ്വാഭാവികമായ രീതിയിൽ മനോജ് തറയിൽ കിടക്കുന്നത് ജനലിലൂടെ കണ്ടു. മക്കളെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു പ്രവേശിച്ചപ്പോഴാണ് ചോരയിൽ കുളിച്ച സരോജിനിയെയും ഉത്തരത്തിൽ തൂങ്ങിയ നിലയിൽ മണിയനെയും കണ്ടത്. പനങ്ങാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.

സപ്ലൈക്കോയിൽ ചുമട്ടുതൊഴിലാളിയായിരുന്ന മണിയൻ ഏതാനും വർഷമായി ചേപ്പനം, പനങ്ങാട്, കുമ്പളം മേഖലകളിൽ ലോട്ടറി വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. സരോജിനി വീട്ടുജോലിക്കും പോയിരുന്നു. രണ്ടു മക്കളിൽ ഇളയവനായ മനോജിന് ജന്മനാ മാനസിക പ്രശ്നമുണ്ട്. മനോജ് പതിവായി ഇരുവരെയും മർദ്ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പലപ്പോഴും പനങ്ങാട് പൊലീസിന്റെ സഹായത്തോടെയാണ് മനോജിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. മനോജിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മണിയന് സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായിരുന്നു.

ഓടിട്ട ചെറിയ ഷെഡ്ഡിലാണ് കുടുംബം താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി രണ്ടുവരെ മണിയനും മനോജും തമ്മിൽ വഴക്കുണ്ടായെന്നാണ് അയൽവാസികളുടെ മൊഴി. പതിവായതിനാൽ അയൽവാസികൾ കാര്യമാക്കിയില്ല. രണ്ടുമണിയോടെ കറണ്ട് പോയി, ശക്തമായ മഴയും പെയ്തു.

ഹാളിലെ തറയിൽ അടുത്തടുത്തായിരുന്നു സരോജിനിയുടെയും മനോജിന്റെയും മൃതദേഹങ്ങൾ. കഴുത്തറുക്കാൻ ഉപയോഗിച്ചെന്നു കരുതുന്ന കത്തി കണ്ടെത്താനായിട്ടില്ല. പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മായാദേവിയാണ് മൂത്തമകൾ.