വ്യാജ ഒപ്പിട്ട് പണം കൈക്കലാക്കി: 'കാസ' പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കുമെതിരെ അന്വേഷണം

Wednesday 05 April 2023 12:45 AM IST

കൊച്ചി: ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) ട്രഷററുടെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും രണ്ട് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ട്രഷറർ തൃശൂർ നെട്ടിശേരി കുന്നത്ത് എനോക്കാരൻ വീട്ടിൽ ജോമർ കെ. ജോസ് നൽകിയ പരാതിയിലാണ് നടപടി. കാസ പ്രസിഡന്റ് കെവിൻ പീറ്റർ, ജോയിന്റ് സെക്രട്ടറി ജെൻസൺ ആന്റണി എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും പ്രതികൾ.

വ്യാജ ഒപ്പിട്ട് 12 ചെക്കുകൾ മാറിയെടുത്തെന്നാണ് പരാതി. സംഘടനയ്ക്ക് പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി ലഭിച്ച പണം തേവരയിലെ എച്ച്.ഡി.എഫ്.സി ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ട്രഷററുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണിത്. ഏതാനും നാളുകളായി സംഘടനയുടെ പ്രവർത്തനങ്ങളൊന്നും നടന്നിരുന്നില്ല. സംഭാവനകൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് അറിയാൻ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് 2020 മുതൽ കഴിഞ്ഞ വർഷം വരെ രണ്ട് ലക്ഷം രൂപ പിൻവലിച്ചതായി അറിഞ്ഞത്. തന്റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പിട്ട് പണം പിൻവലിച്ചെന്ന് തിരിച്ചറിഞ്ഞതോടെ പരാതിപ്പെടുകയായിരുന്നെന്ന് ജോമർ പൊലീസിന് മൊഴി നൽകി.