ട്രെയിൻ സുരക്ഷ വൈകിയോടുമ്പോൾ
രാജ്യത്തെ വലിയ പൊതുഗതാഗത സംവിധാനമായ ട്രെയിനുകളിൽ സുരക്ഷ ഉറപ്പാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്ന ചോദ്യം ഇന്നലെകളിൽ ഉയർന്നതല്ല. രാജ്യത്തെ ഞെട്ടിച്ച നിരവധി സംഭവങ്ങൾ ട്രെയിനുകളിലുണ്ടായിട്ടുണ്ട്. സ്‌ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കപ്പുറം ചില ഭീകരവാദ സംഘടനങ്ങൾ അവരുടെ ശക്തി പ്രകടിപ്പിക്കാനായി അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ട്രെയിനുകളിലെ സുരക്ഷാ പാളിച്ചകളെപ്പറ്റി വലിയ ചർച്ചകൾ ഉയരുമെങ്കിലും ഒരു ചൂളംവിളിക്കപ്പുറം അത് കെട്ടടങ്ങുന്ന കാഴ്ചകൾക്കാണ് നാം സാക്ഷികളാകുന്നത്. കഴിഞ്ഞ ദിവസം കോഴിക്കാേട്ടുണ്ടായ സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ ട്രെയിനുകളിൽ ഇന്നും ഒരു സുരക്ഷയുമില്ലെന്ന സത്യം വെളിച്ചത്തുവരുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഗോവിന്ദചാമിയുടെ ക്രൂരമായ പീഡനത്തിനു പിന്നാലെ സൗമ്യ കൊല്ലപ്പെട്ടതോടെ നിരവധി സുരക്ഷാ നിർദ്ദേശങ്ങളാണ് പല കോണുകളിൽ നിന്ന് ഉയർന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ, ഹൈക്കോടതി, പൊലീസ് എന്നിവരെല്ലാം സമാനമായ ഒരു ദുരനുഭവം ഇനിയുണ്ടാകരുതെന്ന മുന്നറിയിപ്പാണ് നല്കിയത്. എന്നാൽ, ഒന്നും നടപ്പായില്ലെന്ന ശുഭകരമല്ലാത്ത കാര്യങ്ങളാണ് ഇപ്പോഴും പുറത്തുവരുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്‌റ്റേഷനുകളിലും പന്ത്രണ്ടുലക്ഷം സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി എങ്ങുമെത്തിയില്ല എന്നതാണ് വാസ്തവം. മുന്നൂറ് കോടിയുടെ പദ്ധതി ഒച്ചിഴയുന്ന വേഗത്തിലാണ്. പതിനൊന്നായിരം ട്രെയിനുകളിലും ഒമ്പതിനായിരം റെയിൽവേ സ്‌റ്റേഷനിലുമായിരുന്നു പദ്ധതി. ഓരോ കോച്ചിലും എട്ട് കാമറകൾ സ്ഥാപിക്കാനായിരുന്നു നീക്കം. വാതിലുകളും ഇടനാഴികളും നിരീക്ഷണ പരിധിയിൽ വരും. പദ്ധതി രണ്ടു വർഷത്തിനുള്ളിൽ ലക്ഷ്യത്തിലെത്തിക്കുമെന്ന് പറഞ്ഞെങ്കിലും പാതിവഴിയിൽ പോലും എത്തിയില്ല. നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഏറെയും തെളിയിക്കപ്പെടുന്നതിൽ സി.സി.ടി.വി കാമറകൾ വഹിക്കുന്ന പങ്ക് വലുതാണ്. മിക്ക കേസുകളിലും അന്വേഷണത്തിന്റെ ടേണിംഗ് പോയിന്റിലേക്ക് കാമറകളുടെ സേവനമെത്തുന്നു. എന്നിട്ടും ലക്ഷക്കണക്കിന് യാത്രക്കാർ കയറിയിറങ്ങുന്ന ട്രെയിനുകളിൽ ഈ സംവിധാനം എന്തുകൊണ്ട് നടപ്പാകുന്നില്ലെന്ന് പരിശോധിക്കപ്പെടണം. കാമറകളുടെ സാന്നിദ്ധ്യമുണ്ടെന്ന് വ്യക്തമായാൽ ഒരുപരിധി വരെ അക്രമികൾ ഉൾവലിയും. ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനയാണ് റെയിൽവേ നടത്താറുള്ളത്. ആ സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി നല്ലൊരു തുക മാറ്റിവയ്‌ക്കാനും കഴിയും. യാത്രക്കാർക്ക് നിലവിൽ സുരക്ഷയൊരുക്കുന്ന ആർ.പി.എഫും അതത് സംസ്ഥാനങ്ങളിലെ റെയിൽവേ പൊലീസും പരാധീനതകളുടെ നടുവിലൂടെയാണ് പോകുന്നത്. അത്യാധുനിക സംവിധാനങ്ങളൊക്കെ ഇവർക്ക് ഇപ്പോഴും അന്യമാണ്. കേസ് തെളിയിക്കുന്നതിലും ഈ ന്യൂനതകൾ നിഴലിച്ചു നിൽക്കുന്നു. കമ്പാർട്ട്‌മെന്റുകളിലും പ്‌ളാറ്റ്ഫോമുകളിലും കാമറകൾ സ്ഥാപിക്കേണ്ട കാലം കഴിഞ്ഞു. അത്യാധുനിക കോച്ചുകൾ റെയിൽവേയ്‌ക്കുണ്ടെങ്കിലും പലതിലും കാമറകൾ കാണാനാകില്ല. കാമറ സംവിധാനം സ്ഥാപിക്കാനായി മാറ്റിവച്ച തുക എവിടെപ്പോയെന്നും അന്വേഷിക്കണം. ഈ തുക വകമാറ്റിയെങ്കിൽ റെയിൽവേ സുരക്ഷയ്‌ക്ക് തെല്ലും വില കൽപ്പിക്കുന്നില്ലെന്ന് കരുതേണ്ടിവരും. ഏറ്റവും നിയന്ത്രണമുള്ള സ്ഥലങ്ങളിലൊന്നാണ് റെയിൽവേ സ്‌റ്റേഷനുകൾ. പരിശോധനകൾക്ക് തെല്ലും കുറവില്ല. എന്നാൽ, സ്‌റ്റേഷനുകളിൽ ഉൾപ്പെടെ ഒരു ആക്രമണം നടന്നാൽ ഉടനടി പ്രതികളെ പിടിക്കാൻ അന്വേഷണസംഘങ്ങൾക്ക് കാലോചിതമായ സംവിധാനങ്ങളൊന്നുമില്ല. ആർ.പി.എഫിനെ പരിഷ്‌കരിച്ച് അത്യാധുനിക സേനയായി മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇവർ ഇപ്പോഴും പ്‌ളാറ്റ്‌ഫോമുകളിലൂടെ പഴയ ലാത്തിയും വീശി നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. സുരക്ഷയുടെ പേരിൽ കുടിവെള്ളം വിൽക്കുന്നവനെ സ്‌റ്റേഷന് പുറത്താക്കുന്നുണ്ട് റെയിൽവേ. വിചിത്രമായ തീരുമാനങ്ങൾ അരങ്ങേറുമ്പോൾ പണം നൽകി യാത്ര ചെയ്യുന്നവരുടെ ജീവന് റെയിൽവേ ഒരു സുരക്ഷയും കൽപ്പിക്കുന്നില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് കോഴിക്കോട് സംഭവം.
പ്രതിയെ വ്യക്തമായി അറിയാമായിരുന്നിട്ടും വേഗത്തിൽ പിടികൂടാൻ കഴിയാതിരുന്നതാണ് സുരക്ഷ വെറും കടലാസിലാണെ സത്യം വിളിച്ചോതുന്നത്. രാത്രി സർവീസുകളിൽ മാത്രമാണ് ഇപ്പോൾ ആർ.പി.എഫിന്റെ സുരക്ഷ. കൂടുതൽ പൊലീസുകാരെ വിന്യസിക്കണമെന്ന പാസഞ്ചർ അസോസിയേഷന്റെ ആവശ്യങ്ങൾക്കും ഇതുവരെ പരിഹാരമായിട്ടില്ല. റെയിൽവേ യാത്രക്കാർ, പൊലീസുകാർ, പോർട്ടർമാർ എന്നിവരെ ഉൾപ്പെടുത്തി ട്രെയിനിൽ ജനമൈത്രി പദ്ധതി നടപ്പാക്കണമെന്ന ആവശ്യം പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ, ആ അവശ്യവും തിരസ്‌ക്കരിക്കപ്പെട്ടു. കമ്പ്യൂട്ടറിലൂടെ നിയന്ത്രിക്കപ്പെടുന്ന ഡെസ്‌പാച്ച് സംവിധാനവും നടപ്പാക്കണം. 112 എന്ന നമ്പർ അമർത്തിയാൽ ലൊക്കേഷൻ അടക്കമുള്ള വിവരം റെയിൽവേ ബീറ്റ് പൊലീസ് ഓഫീസർക്ക് ലഭിക്കും. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന റെഡ് ബട്ടൺ സൗകര്യവും മുഴുവൻ ട്രെയിനുകളിലും വേണം.
ഇതിനിടയിൽ നാം സ്‌ത്രീ സുരക്ഷയെക്കുറിച്ച് കൂടി ഒന്ന് ഓർക്കാം. സ്ത്രീ സുരക്ഷ ഉറപ്പാക്കാനുളള കേന്ദ്ര സർക്കാരിന്റെ മറ്റൊരു പദ്ധതിയായിരുന്നു 'മേരി സഹേലി'. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ട്രെയിൻ യാത്ര തുടങ്ങുന്ന സ്‌റ്റേഷനിൽ നിന്ന് ആർ.പി.എഫിന്റെ വനിതാസംഘം കയറും.
വനിതാ യാത്രക്കാർക്ക് സുരക്ഷാ ബോധവത്കരണം നടപ്പാക്കുകയാണ് ആദ്യ നടപടി. ദക്ഷിണ റെയിൽവേ പതിനേഴ് സംഘങ്ങൾ രൂപീകരിച്ചിരുന്നു. എന്നാൽ, കൊവിഡ് കാലത്ത് എല്ലാം അലങ്കോലമായി. ഒരു സംഘം ട്രെയിനിൽ നിന്നിറങ്ങുമ്പോൾ അടുത്ത സംഘം കയറും. യാത്രക്കാരെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇവർക്ക് ആദ്യസംഘം കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തണമെന്നായിരുന്നു നിർദ്ദേശം. ഈ സംഘങ്ങളെ ആരെങ്കിലും ഇപ്പോൾ കാണുന്നുണ്ടോ? ഇതുപോലെ നിരവധി പദ്ധതികളുണ്ടെങ്കിലും എല്ലാം പാതിവഴിയിൽ നിലച്ചു. റെയിൽവേയുടെ സുരക്ഷാ നയത്തിൽ കാതലായ മാറ്റമാണ് ആവശ്യം. എല്ലാ വർഷവും കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഉദ്ദേശിച്ച ഫലപ്രാപ്തിയിൽ എത്തുന്നില്ല. ടിക്കറ്റെടുക്കാതെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കയറിയാൽ റെയിൽവേ സ്‌ക്വാഡ് പിഴ ഈടാക്കാറുണ്ട്. ടിക്കറ്റെടുക്കാത്തവരെ പിടികൂടാൻ ട്രെയിനിലും സംവിധാനമുണ്ട്. എ ക്ലാസ് സ്‌റ്റേഷനിൽ സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റൽ ഡിറ്റക്ടർ വഴിയാണ് യാത്രക്കാർക്ക് പ്രവേശനം. അതേസമയം, പ്ലാറ്റ് ഫോമിൽ അലഞ്ഞു തിരിയുന്ന ക്രിമിനലുകളെ പിടികൂടാൻ കാര്യമായ മുന്നൊരുക്കങ്ങൾ റെയിൽവേ പൊലീസും ആർ.പി.എഫും നടത്തുന്നില്ലെന്ന് വ്യക്തമാണ്. ട്രെയിനിൽ കടത്തുന്ന കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങളും പിടികൂടുന്നതിലാണ് കൂടുതൽ ശ്രദ്ധ. യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഇതിനൊരു മാറ്റം അനിവാര്യമാണ്. അതിനായി റെയിൽവേ സുരക്ഷാനയം പരിഷ്‌കരിക്കണം. വിമാനത്താവളങ്ങളിലേതിന് സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ റെയിൽവേ യാത്രക്കാൽ ഒരിക്കലും എതിർക്കില്ലെന്ന് സർക്കാരുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു.