ശബരിമലയിൽ തന്ത്രി പരമാധികാരിയോ ?
ശബരിമലയിൽ അബ്രാഹ്മണ മേൽശാന്തിയെ നിയമിക്കണമെങ്കിൽ തന്ത്രിയുടെ ഭാഗം കേൾക്കണമെന്ന വാദങ്ങൾ ശക്തിപ്പെട്ടു വരുന്നുണ്ട്. ക്ഷേത്രകാര്യത്തിൽ തന്ത്രിയാണ് പരമാധികാരിയും അവസാന വാക്കും എന്നതാണ് ഈ വാദത്തിന്റെ കാതൽ. ഇത്തരം വാദമുന്നയിക്കുന്നവർ ശബരിമലയിലെ നിലവിലെ തന്ത്രിമാരുടെ പാരമ്പര്യം അവരവകാശപ്പെടുംവിധം "മലയാള ബ്രാഹ്മണ" വാദവുമായി യോജിച്ചു പോകുന്നില്ലെന്ന് കാണാം. 1883ൽ പ്രസിദ്ധീകരിച്ച സാമുവൽ മറ്റീറിന്റെ Native Life in Travancore എന്ന ഗ്രന്ഥത്തിൽ ശബരിമലയിലെ പ്രാചീന പൂജാരി തലനാണി അരയനാണെന്ന് സ്പഷ്ടമായി പ്രസ്താവിക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ തന്ത്രിസ്ഥാനം മാറ്റമില്ലാത്ത ഒരധികാര സ്ഥാനമല്ലെന്ന് കാണാൻ കഴിയും. തന്ത്രിയെ മാറ്റിയ നിരവധി ക്ഷേത്രരേഖകൾ ഇതിന് തെളിവാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട മതിലകം ഗ്രന്ഥവരികളിൽ കലശം നടത്താൻ അധികാരിയായ തരണനല്ലൂർ തന്ത്രിയെ മാറ്റി പകരം മറ്റൊരു തന്ത്രിയെ വരുത്തി പൂജാദി അനുഷ്ഠാനങ്ങൾ നിർവഹിച്ച വിവരണങ്ങളുണ്ട്. തന്ത്രാധികാരമില്ലാത്തവർ പിൽക്കാലത്ത് തന്ത്രിമാരായി മാറുന്നതായും ചരിത്രത്തിൽ തെളിവുകളുണ്ട്. തിരുവല്ല പറമ്പൂരില്ലം ഗ്രന്ഥവരികളിൽ പറമ്പൂരില്ലക്കാരുടെ പൂജാകർമങ്ങളിൽ പരികർമികളായി സേവനം അനുഷ്ഠിച്ചുവന്ന താഴമൺ മഠക്കാരെപ്പറ്റി വിവരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് തന്ത്രി ക്ഷേത്രകാര്യങ്ങളിൽ പരമാധികാരിയല്ലെന്നു തന്നെയാണ്. തന്ത്രിസ്ഥാനം അഴിവില്ലാത്ത പരമശക്തി കേന്ദ്രമായിരുന്നെങ്കിൽ തന്ത്രിയെ മാറ്റിയ കാര്യങ്ങൾ മതിലകം രേഖകളിൽ പരാമർശിക്കുമായിരുന്നില്ല.
തന്ത്രി ദേവന്റെ പിതാവാണെന്ന വാദവും തന്ത്രിസ്ഥാനം പരമാധികാരസ്ഥാനമാണെന്ന് സ്ഥാപിക്കാനായി വാദിക്കാറുണ്ട്. കേരളത്തിൽ രചിക്കപ്പെട്ട പ്രയോഗമഞ്ജരി (CE 11), വിഷ്ണു സംഹിത (CE 11-12), തന്ത്രസമുച്ചയം (CE 15) തുടങ്ങിയ തന്ത്രഗ്രന്ഥങ്ങളിലൊരിടത്തും ഇക്കാര്യം പരാമർശിക്കുന്നില്ല. പരമാത്മാവായ ദേവത ഷട്ഗുണസംഭൃതമായ ശരീരത്തിൽ കുടിയിരുന്നു പൂജാദി അനുഷ്ഠാനങ്ങളിലൂടെ പ്രസാദിപ്പിക്കപ്പെടുന്നു എന്ന് തന്ത്രസമുച്ചയം വ്യക്തമായി പറയുന്നു (1:1). തന്ത്രി ദേവന്റെ പിതാവാണെന്ന് വാദിക്കുന്നതിലൂടെ തന്ത്രി പരമാത്മാവായ ഈശ്വരനും അതീതനാണ് എന്ന വാദം തന്ത്രപാരമ്പര്യത്തിലെ ദാർശനിക ഈശ്വരസങ്കല്പങ്ങളെയാണ് ആത്യന്തികമായി നിരസിക്കുന്നത്.
താന്ത്രികാനുഷ്ഠാനങ്ങളിലെ ആചാര്യവരണചടങ്ങും തന്ത്രി പരമാധികാരി അല്ലെന്നതിന്റെ ദൃഷ്ടാന്തമാണ്. ക്ഷേത്രം പ്രതിഷ്ഠിക്കാനുള്ള തന്ത്രിയെ/ആചാര്യനെ ക്ഷേത്രാധികാരികൾ സ്വീകരിച്ച് പൂജാദികർമങ്ങൾക്കായി ഭാരമേൽപ്പിക്കുന്ന ചടങ്ങാണ് ആചാര്യവരണം. കേരളത്തിൽ രചിക്കപ്പെട്ട എല്ലാ തന്ത്രഗ്രന്ഥങ്ങളിലും ആചാര്യവരണം വിവരിക്കുന്നുണ്ട്. ക്ഷേത്രാധികാരികൾ വരിക്കുന്നതോടെയാണ് തന്ത്രി ക്ഷേത്രാധികാരിയാകുന്നത്. അവരുടെ അതൃപ്തിക്ക് വിധേയനായാൽ തന്ത്രിയെ മാറ്റേണ്ടിവരും. കേരളത്തിലെ മതിലകം, തിരുവല്ല, തിരുപ്പുലിയൂർ ഉൾപ്പെടെയുള്ള ക്ഷേത്രഗ്രന്ഥവരികളിൽ ഇത്തരത്തിൽ തന്ത്രിയെ മാറ്റിയതായി കാണാം. കാലാന്തരത്തിൽ ക്ഷേത്രത്തിൽ പൂജ ചെയ്യുന്നതിനുള്ള പ്രതിഫലമായി ഭൂമി ദാനമായി നൽകിയ പ്രക്രിയയാണ് തന്ത്രി സ്ഥാനത്തെ മാറ്റമില്ലാതെ ഉറപ്പിച്ചത്. തന്ത്രിസ്ഥാനം കുത്തകയായി തുടരുന്നത് പൂജാദി അനുഷ്ഠാനങ്ങൾ പഠിച്ച വിശ്വാസികളുടെ അവസരം നിഷേധിക്കുന്നതിനും കടുത്ത അനീതി പുലർത്തുന്നതിനും പ്രത്യക്ഷ ദൃഷ്ടാന്തമാണ്.
കേരളത്തിൽ രചിക്കപ്പെട്ട തന്ത്രഗ്രന്ഥങ്ങളിൽ തന്ത്രിയെ മാറ്റാൻ പാടില്ലെന്നോ മേൽശാന്തിയെ നിയമിക്കേണ്ടത് തന്ത്രിയാണന്നോ ഉള്ള യാതൊരു പരാമർശങ്ങളുമില്ല. ജ്യോതിഷ ദേവപ്രശ്ന വിധിപ്രകാരം പ്രവൃത്തികളിൽ അഹിതമുണ്ടായാൽ തന്ത്രിയെ മാറ്റാൻ കഴിയുമെന്ന് പ്രശ്നമാർഗം ഉൾപ്പെടെയുള്ള ദേവപ്രശ്നപദ്ധതി വിശദീകരിക്കുന്ന ജ്യോതിഷഗ്രന്ഥങ്ങൾ തെളിയിക്കുന്നു. മേൽശാന്തിയെ നിയമിക്കേണ്ടത് ക്ഷേത്രാധികാരികളാണ്. ശബരിമലയിൽ അബ്രാഹ്മണ മേൽശാന്തി നിയമനത്തിന് തന്ത്രിയുടെ വാക്കുകൾക്ക് പരമാധികാരം ഉണ്ടെന്നു വരുന്നത് തന്ത്രപാരമ്പര്യത്തോടുള്ള വെല്ലുവിളിയാണ്.
കർണാടകയിലെ നൊളംബാവാടിയിലുള്ള കോലാരമ്മ ക്ഷേത്രത്തിലെ രാജരാജ ചോളന്റെ പത്താം ഭരണവർഷത്തിലുള്ള ശിലാശാസനത്തിൽ ക്ഷേത്ര പൂജാരിയെ നിയമിക്കുന്നത് ക്ഷേത്രാധികാരിയായ രാജാവാണെന്ന് കാണാൻ കഴിയും. യോഗ്യത പരിശോധിക്കുന്നതും രാജാവ് തന്നെ. തന്ത്രിക്ക് അവിടെ പ്രത്യേക അധികാര പദവികളൊന്നും തന്നെയില്ല. മേൽശാന്തി നിയമനത്തിലെ പരമാധികാരിയായി തന്ത്രി മാറുന്നത് തന്ത്രപാരമ്പര്യത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ കാള്യാരാധനയുടെയും അയ്യപ്പ ആരാധനയുടെയും ചരിത്രം പരിശോധിച്ചാൽ അത് അവർണ പാരമ്പര്യത്തോട് ആഴത്തിൽ വിലയം പ്രാപിച്ചിരുന്നു എന്ന് ദർശിക്കാം. കാളിയെ പൂജിക്കേണ്ടത് അബ്രാഹ്മണരായ പാരശവരാണെന്ന് വൈഖാനസ ധർമസൂത്രവും പ്രസിദ്ധ തന്ത്രഗ്രന്ഥമായ ബ്രഹ്മയാമളവും അസന്ദിഗ്ദമായി പ്രഖ്യാപിക്കുന്നു. തിരുപ്പുലിയൂർ ഗ്രന്ഥവരിയിൽ അയ്യപ്പനെ പൂജിക്കുന്ന അവർണരുടെ ചരിത്രമുണ്ട്. ഇതെല്ലാം കാളീപൂജകളിലും അയ്യപ്പപൂജകളിലും നിലനിന്ന ശക്തമായ അബ്രാഹ്മണ/അവർണ പാരമ്പര്യത്തിന്റെ ദൃഷ്ടാന്തമാണ്. ബാണഭട്ടന്റെ കാദംബരിയിലും ഹർഷചരിതത്തിലും കാളീപൂജകൾ ചെയ്യുന്ന ശബരർ ഗോത്രവിഭാഗത്തെ പരാമർശിക്കുന്നുണ്ട്. വിന്ധ്യാവാസിനിയായ ദുർഗയെ പൂജിച്ചിരുന്ന ആദിവാസി ഗോത്രങ്ങളെക്കുറിച്ച് യോക്കോ യോക്കോച്ചി വിന്ധ്യാവാസിനി ഗവേഷണപ്രബന്ധത്തിൽ വിശദീകരിക്കുന്നു. സ്കാന്ദപുരാണത്തിൽ തിരുപ്പതി ക്ഷേത്രത്തിലെ ആദിമപൂജാരികൾ ചോളക്കൃഷിക്കാരായ വനവാസികളാണെന്ന് വർണിക്കുന്നു. ഇതെല്ലാം തന്ത്രപാരമ്പര്യത്തിൽ പ്രാചീന കാലം മുതൽ നിലനിന്ന അബ്രാഹ്മണ പാരമ്പര്യത്തിന്റെ സുദൃഢമായ തെളിവാണ്. കാര്യമിങ്ങനെയിരിക്കെ ശബരിമലയിൽ മേൽശാന്തിയെ നിയമിക്കുന്നതിൽ തന്ത്രിയല്ല ക്ഷേത്രാധികാരികളാണ് പരമാധികാരിയെന്ന് വ്യക്തമാണ്. പൗരോഹിത്യം ജനാധിപത്യവത്ക്കരിക്കപ്പെടണമെങ്കിൽ പൂജാദി അനുഷ്ഠാനങ്ങൾ പഠിച്ച എല്ലാ ഹിന്ദുമത വിശ്വാസികൾക്കും ജാതി ഭേദമെന്യേ അതിൽ ഉൾച്ചേരാൻ കഴിയണം. തത്വമസി എന്ന മഹത്തായ ഉപനിഷദ്‌വാക്യം എഴുതിയ അയ്യപ്പസന്നിധിയിൽ നിലനിൽക്കുന്ന ജാതി വിവേചനം അരുവിപ്പുറം പ്രതിഷ്ഠക്ക് ശേഷവും കേരളം പരിവർത്തിക്കപ്പെടാൻ വലിയ മടികാണിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ക്ഷേത്രപ്രതിഷ്ഠ നിർവഹിച്ച് അവിടെ അവർണ ജനവിഭാഗങ്ങളെ പൂജാരിമാരായി നിയമിച്ച നാരായണഗുരുവിന്റെ പാരമ്പര്യത്തെയാണ് യാഥാസ്ഥിതിക വാദികൾ വെല്ലുവിളിക്കുന്നത്. ഇണ്ടംതുരുത്തി മനയിലെ ദേവൻ നമ്പ്യാതിരിയുടെ അനുവാദം വാങ്ങി പൊതുവഴിയിലൂടെ നടക്കാൻ തുനിഞ്ഞ ഗതികേട് വരാതിരിക്കണമെങ്കിൽ, വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ശബരിമലയിൽ അബ്രാഹ്മണ ശാന്തിയെ നിയമിച്ച് കേരളത്തിന്റെ ഖ്യാതി നിലനിറുത്തണം. അങ്ങനെ മാത്രമേ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി കേരളത്തെ പരിവർത്തിപ്പിക്കാൻ കഴിയൂ.
(സംസ്കൃത അദ്ധ്യാപകനും തന്ത്രശാസ്ത്ര പണ്ഡിതനുമാണ് ലേഖകൻ. ഫോൺ: 94962 74127)