രക്തത്തോട് ഭയം, കൊല്ലാൻ സ്വയം നിർമ്മിച്ച വിഷക്കൂട്ട്
തൃശൂർ: എം.ബി.ബി.എസ് യോഗ്യതാ പരീക്ഷ കടന്ന മയൂർനാഥ് രക്തം കണ്ടാൽ ഭയമെന്ന് പറഞ്ഞാണ് പഠനത്തിൽ നിന്ന് പിൻവാങ്ങിയത്. പക്ഷേ ആ ഭയം പിതാവിന്റെ ജീവനെടുക്കുന്നതിന് തടസമായില്ല. വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ഓരോ നീക്കവും. പോസ്റ്റ്‌മോർട്ടത്തിൽ പോലും കണ്ടെത്താനാകാത്ത വിഷം ഉണ്ടോയെന്നും തലച്ചോറിന്റെ ഞരമ്പുകളിലേക്ക് നേരിട്ടിറങ്ങുന്ന വിഷം എന്താണെന്നും മയൂർനാഥ് ഇന്റർനെറ്റിൽ തെരഞ്ഞു. വിഷവസ്തുക്കൾ ഓൺലൈനിൽ വാങ്ങിയതിന്റെ കടലാസ് പെട്ടികളും സാമ്പിളും ഇതു ചേർത്തുണ്ടാക്കിയ വിഷപ്പൊടിയുമെല്ലാം പൊലീസ് അന്വേഷണത്തിൽ കണ്ടെടുത്തു.
പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിൽ എ പ്ലസ് നേടി മികച്ച മാർക്കോടെയായിരുന്നു വിജയം. എം.ബി.ബി.എസ്
എൻട്രൻസ് പ്രവേശന പരീക്ഷയിൽ മികച്ച മാർക്കും നേടി. എന്നിട്ടാണ് ആയുർവേദത്തിലേക്ക് തിരിഞ്ഞത്. വീടിന്റെ മുകൾ നിലയിലെ മുറി രാസമരുന്നു പരീക്ഷണശാലയായാണ് ഉപയോഗിച്ചത്. മകൻ നിർമ്മിക്കുന്നത് വിഷമാണെന്ന് അച്ഛൻ ശശീന്ദ്രൻ പോലും അറിഞ്ഞില്ല. നിരോധിത എലിവിഷം എങ്ങനെ നിർമ്മിക്കാമെന്നും അന്വേഷിച്ചു. ഈ വിഷം നിർമ്മിക്കാനായി രാസവസ്തുക്കൾ ഓർഡർ ചെയ്തു. ദിവസങ്ങളോളം പണിപ്പെട്ട് വിഷപ്പൊടി നിർമ്മിച്ചു. അതാണ് കടലക്കറിയിൽ ചേർത്തത്.
ലഹരിയില്ല, അഡംബരഭ്രമവും
മയൂർനാഥ് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായോ മറ്റ് സ്വഭാവദൂഷ്യമുള്ളതായോ ആരും മൊഴി നൽകിയില്ല. ആഡംബര ഭ്രമവുമുണ്ടായിരുന്നില്ല. മദ്യമോ സിഗരറ്റോ ഒന്നും ഉപയോഗിക്കില്ല. അമ്മയ്ക്ക് ചില മാനസികപ്രയാസമുണ്ടായിരുന്നത് പോലെ മയൂർനാഥിനുമുള്ളതായി സംശയിച്ചിരുന്നു. സംഭവം നടന്ന ശേഷം യാതൊരു സംശയം പോലും ഇല്ലാതാക്കും വിധമായിരുന്നു ഇടപെടൽ. പക്ഷേ, പൊലീസിന്റെ കൃത്യമായി നിരീക്ഷണത്തിലും അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കുടുങ്ങിയത്.
അച്ഛനോടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമായി പ്രതി മൊഴി നൽകിയത്. വിഷം വാങ്ങിയ ശേഷം എന്തെല്ലാം പദാർത്ഥങ്ങൾ ചേർത്ത് തയ്യാറാക്കി എന്ന് വിശദമായി പരിശോധിക്കും. മരുന്ന് നിർമ്മാണത്തിന് ലൈസൻസുള്ളതായാണ് പ്രതി പറയുന്നത്. കൂടുതൽ തെളിവ് ശേഖരിക്കും.
കെ.കെ.സജീവൻ എ.സി.പി തൃശൂർ.