മൾട്ടിലെവൽ കേന്ദ്രം തുറന്നാലും തമ്പാനൂരിലെ പാർക്കിംഗ് കുരുക്കഴിയില്ല  26 കാറുകൾക്ക് മാത്രം പാർക്കിംഗ്

Wednesday 05 April 2023 6:47 AM IST

തിരുവനന്തപുരം: തലസ്ഥാനത്തെ പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ തമ്പാനൂർ റെയിൽവേ സ്റ്റേഷന് എതിർവശത്ത് നഗരസഭ നിർമ്മിച്ച ആധുനിക മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങവേ കാർ പാർക്കിംഗ് സൗകര്യക്കുറവിനെച്ചൊല്ലി മുറുമുറുപ്പ്. റെയിൽവേ കല്യാണമണ്ഡപത്തിന് സമീപത്തെ അഞ്ചുനിലകളുള്ള പാർക്കിംഗ് കേന്ദ്രത്തിൽ ആകെ പാർക്ക് ചെയ്യാനാവുന്നത് 26 കാറുകൾ മാത്രം. അതേസമയം,​ 400 ഇരുചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുമാവും. കെ.എസ്.ആർ.ടി.സി ടെർമിനലിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഒരേസമയം 145 കാറുകളും 250 ബൈക്കുകളും പാർക്ക് ചെയ്യാൻ സൗകര്യമുള്ളപ്പോഴാണിത്. കെ.എസ്.ആർ.ടി.സിയുടെ കേന്ദ്രത്തിൽ കാർ പാർക്കിംഗിന് സൗകര്യമേറെയുള്ളതിനാലാണ് പുതിയ കേന്ദ്രത്തിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രാധാന്യം നൽകിയതെന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ കേന്ദ്രത്തിലെ കാർ പാർക്കിംഗ് അസൗകര്യത ദീർഘദൂര യാത്രകൾക്കെത്തുന്നവർക്ക് വലിയ തിരിച്ചടിയെന്നാണ് വിലയിരുത്തൽ.